ഫ്‌ളോട്ടിംഗ് പലിശ നിരക്ക് മാറ്റം; ബാങ്കിന് ഉപഭോക്താവിനെ അറിയിക്കേണ്ട ബാധ്യതയുണ്ടോ?

  • ഫ്‌ളോട്ടിംഗ് പലിശ നിരക്ക് സംബന്ധിച്ച വിശദാംശം ബാങ്കും ഉപഭോക്താവും തമ്മിലുള്ള കരാറിലുണ്ട്.

Update: 2022-12-12 06:13 GMT

ഡെല്‍ഹി: പലിശ നിരക്കില്‍ വരുന്ന മാറ്റം വായ്പ എടുക്കുന്ന ഉപഭോക്താക്കള്‍ ഓരോരുത്തരേയും വ്യക്തിപരമായി അറിയിക്കേണ്ട ബാധ്യത ബാങ്കിനില്ലെന്ന് വ്യക്തമാക്കി ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി). ഫ്‌ളോട്ടിംഗ് റേറ്റില്‍ (മാറുന്ന പലിശ നിരക്ക്) വന്ന മാറ്റം അറിയിച്ചില്ല എന്ന് കാട്ടി ഐസിഐസിഐ ബാങ്കിനെതിരെ ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. പലിശ നിരക്കിലെ മാറ്റം സംബന്ധിച്ച് ബാങ്കിന്റെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കിയാല്‍ അത് സമ്പൂര്‍ണ അറിയിപ്പായി പരിഗണിക്കുമെന്നും കമ്മീഷന്‍ ഉത്തരവിലുണ്ട്.

വായ്പ സംബന്ധിച്ച് ബാങ്കും ഉപഭോക്താവും തമ്മില്‍ കരാര്‍ എഴുതുമ്പോള്‍ അതില്‍ ഫ്‌ളോട്ടിംഗ് റേറ്റുകള്‍ അനുസരിച്ച് പലിശ നിരക്കില്‍ മാറ്റം വരും എന്ന വ്യവസ്ഥയും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ തന്നെ പലിശ നിരക്കില്‍ മാറ്റും വരുമ്പോള്‍ ആ അവസരത്തില്‍ വായ്പ എടുത്ത ആളോട് ബാങ്ക് പ്രത്യേക അനുമതി തേടേണ്ടതില്ല. ഇക്കാരണത്താല്‍ തന്നെ ഫ്‌ളോട്ടിംഗ് പലിശയിലെ മാറ്റം വായ്പയില്‍ പ്രതിഫലിക്കുന്നത് അറിയിക്കാത്തത് ന്യായ രഹിതമാണെന്ന വാദം നിലനില്‍ക്കില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ പലിശ മാറ്റം വന്നാല്‍ അത് ഉപഭോക്താവിനെ നേരിട്ട് അറിയിക്കണമെന്നായിരുന്നു ഈ കേസില്‍ ഡെല്‍ഹി സംസ്ഥാന ഫോറം ആദ്യം ഉത്തരവിറക്കിയത്. ഐസിഐസിഐ ബാങ്ക് ഇതിനെതിരെ ദേശീയ ഫോറത്തെ സമീപിച്ചു. ഇതോടെയാണ് കേസില്‍ ബാങ്കിന് അനുകൂലമായ ഉത്തരവ് വന്നത്. പലിശ നിരക്കിലെ മാറ്റം സംബന്ധിച്ച് കരാറില്‍ വ്യക്തമായി എഴുതുന്നുണ്ടെന്നും, ഇത് അംഗീകരിക്കുന്നുവെന്ന് കാട്ടി ഉപഭോക്താവ് ഒപ്പിട്ട് നല്‍കിയ ശേഷമാണ് വായ്പ നല്‍കുന്നതെന്നും കമ്മീഷന്‍ മുന്‍പാകെ ബാങ്ക് അധികൃതര്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി.

Tags:    

Similar News