ഉണർന്ന് ഇന്ത്യൻ വിപണി! നിഫ്റ്റി 25,950 ലെവലിൽ; ആർബിഐ പലിശ കുറയ്ക്കുമോ?
ആർബിഐ പലിശ കുറയ്ക്കുമോ?
വ്യാഴാഴ്ചത്തെ ആദ്യ ട്രേഡിങ് സെഷനുകളിൽ ഓഹരി വിപണിയിൽ മുന്നേറ്റം. ആദ്യ മണിക്കൂറുകളിലെ നഷ്ടങ്ങളിൽ നിന്ന് വിപണി തിരിച്ചു കയറി. ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും ആഗോള തലത്തിലെ അനുകൂല സൂചനകളും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
നിഫ്റ്റി 50 സൂചിക 0.൩ ശതമാനം ഉയർന്ന് 25,950-ലെവലിന് അടുത്തെത്തി വ്യാപാരം തുടർന്നു. സെൻസെക്‌സ് 350 പോയിന്റിലധികം വർധിച്ച് 84,770 ലെവലിൽ എത്തി. ഇത് തുടർച്ചയായ മൂന്നാം ദിവസത്തെ നേട്ടമാണ്.
ഒക്ടോബറിലെ റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞതിനെ തുടർന്ന് ആർബിഐ പലിശ നിരക്കുകൾ കുറച്ചേക്കും എന്ന പ്രതീക്ഷകൾ വിപണിക്ക് കരുത്തേകി. മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികളിൽ നിക്ഷേപകരെത്തി. എന്നാൽ ബീഹാർ തിരഞ്ഞെടുപ്പ് ഫലം വരുന്നതു മൂലമുള്ള ജാഗ്രത, വലിയ മുന്നേറ്റത്തിന് തടയിട്ടു.
നിഫ്റ്റി ടെക്നിക്കൽ അവലോകനം
വിപണി ഉയർന്നു നിൽക്കുമ്പോഴും ടെക്നിക്കൽ ചാർട്ടുകൾ ബെയറിഷ് മുന്നറിയിപ്പ് നൽകുന്നു. നിഫ്റ്റി 50-യുടെ 1-മണിക്കൂർ ചാർട്ടിൽ 25,985 എന്ന റെസിസ്റ്റൻസ് നിലയിൽ ഒരു 'ഡബിൾ ടോപ്' പാറ്റേൺ രൂപപ്പെട്ടിട്ടുണ്ട്. വില ഒരു സിമട്രിക്കൽ ട്രയാങ്കിൾ' പാറ്റേണിൽ കൺസോളിഡേഷൻ ഘട്ടത്തിലാണ്.
25,985.10 എന്നതാണ് പ്രധാന റെസിസ്റ്റൻസ് ലെവൽ. ഇതിന് മുകളിലുള്ള ശക്തമായ ക്ലോസിംഗ്, ബെയറിഷ് സാധ്യത അസാധുവാക്കും. 16 പ്രധാന സെക്ടറൽ സൂചികകളിൽ 12 എണ്ണം പച്ച കത്തി വ്യാപാരം ചെയ്യുന്നു.
മെറ്റൽ മേഖല മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവയും 1% വീതം മുന്നേറി. അതേസമയം ഐടി, എഫ്എംസിജി സെക്ടറുകൾ നേരിയ പ്രോഫിറ്റ് ബുക്കിംഗിന് സാക്ഷ്യം വഹിച്ചു.
മികച്ച പ്രകടനം കാഴ്ച വെച്ച ഓഹരികൾ ഏതൊക്കെ?
ഏഷ്യൻ പെയിൻ്റ്സ്: 49 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏകദേശം 4 ശതമാനം കുതിച്ചു.ടാറ്റ ത്രൈമാസ ലാഭം നാല് മടങ്ങ് വർദ്ധിച്ചതിനെ തുടർന്ന് രണ്ട് ശതമാനം നേട്ടം കൈവരിച്ചു.അശോക് ലെയ് ലാൻഡ് പ്രതീക്ഷിച്ചതിലും മികച്ച പാദഫലങ്ങൾ പുറത്ത് വിട്ടതിനെ തുടർന്ന് 4.2 ശതമാനം വർധിച്ചു. ഐസിഐസിഐ ബാങ്ക്, ഇൻ്റർഗ്ലോബ് ഏവിയേഷൻ (IndiGo), ജിയോ ഫിനാൻഷ്യൽ സർവീസസ് എന്നിവയും മുന്നേറ്റത്തിന് സംഭാവന നൽകി.അതേസമയം ഒഎൻജിസി,എസ്ബിഐ ലൈഫ്, ശ്രീറാം ഫിനാൻസ് എന്നിവ നേരിയ ഇടിവ് രേഖപ്പെടുത്തി.
വിപണി സാധ്യത
വൈകുന്നേരം, വിപണി റേഞ്ച്-ബൗണ്ടായി തുടരാനാണ് സാധ്യത. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങൾക്കും യുഎസ് വ്യാപാര സംഭവവികാസങ്ങൾക്കും വ്യാപാരികൾ പ്രാധാന്യം നൽകും. നിഫ്റ്റി 25,950–26,000 എന്നീ ലെവലുകൾക്ക് മുകളിൽ നിലനിർത്താൻ കഴിഞ്ഞാൽ, 26,100 ലെവലിന് മുകളിലേക്കുള്ള മുന്നേറ്റത്തിന് സാധ്യതയുണ്ട്.
പിന്തുണ: പ്രധാന പിന്തുണ 25,800 എന്ന ലെവലിന് അടുത്താണ്. മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകളും 0.2% വീതം ശക്തമായി തുടരുന്നു, ഇത് വിപണിയിലെ ആരോഗ്യകരമായ വ്യാപനത്തെ സൂചിപ്പിക്കുന്നു.
