6ജി അധികം വൈകില്ല; തരംഗമായി 5 ജി, വരിക്കാരുടെ എണ്ണം 100 കോടിയിലേക്ക്

സജീവ സ്മാര്‍ട്ട്ഫോണില്‍ നിന്നുള്ള മൊബൈല്‍ ഡാറ്റ ഉപയോഗം പ്രതിമാസം 36 ജിബി ആണ്

Update: 2025-11-20 14:45 GMT

രാജ്യത്ത് 5 ജി വ്യാപനം വേഗത്തിൽ. 2031 അവസാനത്തോടെ ഇന്ത്യ 100 കോടി 5ജി സബ്സ്‌ക്രിപ്ഷനുകള്‍ മറികടന്നേക്കും. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണിൻ്റെ റിപ്പോര്‍ട്ട് പ്രകാരമാണിത്.  ഈ വര്‍ഷം അവസാനത്തോടെ മാത്രം ഇന്ത്യ 394 ദശലക്ഷം 5ജി സബ്സ്‌ക്രിപ്ഷനുകള്‍ രേഖപ്പെടുത്തും. ഇത് രാജ്യത്തെ മൊത്തം മൊബൈല്‍ സബ്സ്‌ക്രിപ്ഷനുകളുടെ 32 ശതമാനമായിരിക്കും.

ലോകമെമ്പാടും അതിവേഗം വളരുന്ന ഡാറ്റാ വിപണികളില്‍ ഒന്നായി ഇന്ത്യ തുടരുന്നു. ഒരു സജീവ സ്മാര്‍ട്ട്ഫോണില്‍ നിന്നുള്ള മൊബൈല്‍ ഡാറ്റ ഉപയോഗം പ്രതിമാസം 36 ജിബി ആണ്. ഇത് ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. 2031 ആകുമ്പോഴേക്കും ഇത് പ്രതിമാസം 65 ജിബിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

5 ജി നെറ്റ്വര്‍ക്കുകളുടെ വേഗത്തിലുള്ള വിതരണവും താങ്ങാനാവുന്ന വിലയില്‍ 5 ജി ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതും  കുതിച്ചുചാട്ടത്തിന് കാരണമായി.

ആഗോളതലത്തില്‍, 2025 അവസാനത്തോടെ 5ജി സബ്സ്‌ക്രിപ്ഷനുകള്‍ 2.9 ബില്യണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് എല്ലാ മൊബൈല്‍ സബ്സ്‌ക്രിപ്ഷനുകളുടെയും ഏകദേശം മൂന്നിലൊന്ന് വരും. 2031 ല്‍ ആഗോള 5ജി സബ്സ്‌ക്രിപ്ഷനുകള്‍ 6.4 ബില്യണിലെത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഈ വര്‍ഷം മാത്രം, ലോകമെമ്പാടുമുള്ള ഓപ്പറേറ്റര്‍മാര്‍ 600 ദശലക്ഷം പുതിയ 5ജി സബ്സ്‌ക്രിപ്ഷനുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ വര്‍ഷം 400 ദശലക്ഷം ആളുകള്‍ക്ക് കൂടി 5ജി കവറേജ് ലഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ, ചൈനയ്ക്ക് പുറത്തുള്ള ആഗോള ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്കും 5ജി സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, 2031 ആകുമ്പോഴേക്കും കവറേജ് 85 ശതമാനമായി വര്‍ദ്ധിക്കും.ഇന്ത്യയില്‍ 5ജി ഫിക്‌സഡ് വയര്‍ലെസ് ആക്സസ് ആവശ്യകത കുത്തനെ വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

6 ജി അധികം വൈകില്ല

 ഇന്ത്യയിലെ മൊബൈല്‍ നെറ്റ്വര്‍ക്ക് ഡാറ്റാ ട്രാഫികിലും വലിയ വളർച്ചയുണ്ട്. ഇന്ത്യയും ചൈനയും ഈ രംഗത്ത് വലിയ മുന്നേറ്റം കാഴ്ച വയ്ക്കുന്നുണ്ട്. 6ജിയെക്കുറിച്ചുള്ള ആദ്യകാല പ്രവചനങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ, ജിസിസി രാജ്യങ്ങള്‍ തുടങ്ങിയ മുന്‍നിര വിപണികളില്‍ വാണിജ്യാടിസ്ഥാനത്തിൽ ആദ്യം 6 ജിയുമായി എത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    

Similar News