യുപിഐയില്‍ റിക്വസ്റ്റിലൂടെ പണം സ്വീകരിക്കുന്ന രീതി നിര്‍ത്തുന്നു
സാമ്പത്തിക തട്ടിപ്പ് തടയുക ലക്ഷ്യം
ഇനി മുതല്‍ യുപിഐ-യില്‍ റിക്വസ്റ്റിലൂടെ പണം സ്വീകരിക്കുന്ന രീതി നിര്‍ത്തുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ സേവനം അവസാനിപ്പിക്കാനാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന സവിശേഷതയാണ് ഇത്. ഒക്ടോബര്‍ 1 മുതല്‍ എല്ലാ പിയര്‍-ടു-പിയര്‍ ധന അഭ്യര്‍ത്ഥനകളും നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും പേയ്‌മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഒരു ഉപയോക്താവിന് മറ്റൊരു യു.പി.ഐ അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന സവിശേഷതയാണ് 'കളക്ട് റിക്വസ്റ്റ്' അല്ലെങ്കില്‍ 'പുള്‍ ട്രാന്‍സാക്ഷന്‍'. ഉപയോക്താക്കളെ വഞ്ചിച്ച് അവര്‍ ഒരിക്കലും നടത്താന്‍ ഉദ്ദേശിക്കാത്ത പേയ്‌മെന്റുകള്‍ അംഗീകരിപ്പിക്കുന്നതിന് ഈ സവിശേഷത പലപ്പോഴും തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നതായി കണ്ടു വരുന്നുണ്ട്.
പുഷ്, പുള്‍ എന്നിങ്ങനെ രണ്ട് തരം ഇടപാടുകളെയാണ് യുപിഐ നിലവില്‍ പിന്തുണയ്ക്കുന്നത്. പുഷ് ഇടപാടില്‍ പണം നല്‍കുന്നയാള്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തോ സ്വീകര്‍ത്താവിന്റെ യുപിഐ ഐഡി നല്‍കിയോ പേയ്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നു. പണം സ്വീകരിക്കുന്നയാള്‍ പ്രക്രിയ ആരംഭിക്കുകയും പണമടയ്ക്കുന്നയാള്‍ അവരുടെ യുപിഐ പിന്‍ നല്‍കി അത് അംഗീകരിക്കുകയും ചെയ്യുന്നതിനെയാണ് പുള്‍ ഇടപാട് എന്നു പറയുന്നത്.
ഒരു ഇടപാടിന് 2,000 രൂപയായി പി2പി കളക്റ്റ് ഫീച്ചര്‍ നിലവില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്റ്റ് അഭ്യര്‍ത്ഥനകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഇതനുസരിച്ച് ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ കളക്ഷന്‍ അഭ്യര്‍ത്ഥന അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പേയ്‌മെന്റുകള്‍ നടത്താം.
