അപകട സാധ്യത: ബ്ലാക്ക് സ്പോട്ട് സംവിധാനവുമായി ഗൂഗിള്‍മാപ്പ്

അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇനി ഗൂഗിള്‍മാപ്പ് മുന്നറിയിപ്പ്

Update: 2025-08-13 11:16 GMT

അപകട സാധ്യതയുള്ള പ്രദേശത്തെത്തുമ്പോള്‍ ഇനി ഗൂഗിള്‍ മാപ്പ് മുന്നറിയിപ്പ് നല്‍കും. ബ്ലാക്ക് സ്പോട്ട് എന്ന ഈ സംവിധാനം ഗൂഗിള്‍ മാപ്പില്‍ നടപ്പാക്കുന്നു. ഗൂഗിള്‍ മാപ്പില്‍ വഴിയും ഗതാഗത തിരക്കും മാത്രമല്ല വഴിയിലെ അപകട സാധ്യതയെക്കുറിച്ചും ഇനി മുന്നറിയിപ്പ് ലഭിക്കും.

അപകട സാധ്യത കൂടുതലുള്ള ബ്ലാക്ക് സ്‌പോട്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സൗകര്യം രാജ്യത്ത് ആദ്യം നടപ്പാവുക ഡല്‍ഹിയിലായിരിക്കും. ഡല്‍ഹി ട്രാഫിക് പൊലീസിന്റെ സഹായത്തിലായിരിക്കും ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് സംവിധാനം ഗൂഗിള്‍ മാപ്പ് ഒരുക്കുക. റോഡുകളില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ 500 മീറ്റര്‍ ചുറ്റളവിലാണ് ബ്ലാക്ക് സ്‌പോട്ടുകളായി രേഖപ്പെടുത്തുക. റോഡിന്റെ ഇരു വശങ്ങളിലും ഇങ്ങനെ രേഖപ്പെടുത്തും. ആവര്‍ത്തിച്ചുള്ള അപകടങ്ങളാണ് ബ്ലാക്ക്‌സ്‌പോട്ടായി രേഖപ്പെടുത്താന്‍ വേണ്ട മാനദണ്ഡം.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അപകട സാധ്യതാ പ്രദേശങ്ങളിലേക്കെത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. ഇതോടെ കൂടുതല്‍ ശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടങ്ങള്‍ ഒഴിവാക്കാനാവുമോ എന്ന സാധ്യതയാണ് പരിശോധിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഡല്‍ഹി ട്രാഫിക് പൊലീസ് 111 ബ്ലാക്ക് സ്‌പോട്ടുകളാണ് വിവിധ ഇടങ്ങളിലായി രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം നടന്നത് 1,132 വാഹനാപകടങ്ങളാണ്. 483 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ബ്ലാക്ക് സ്‌പോട്ട് സംവിധാനം വൈകാതെ രാജ്യത്തെ മറ്റു ഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. 

Tags:    

Similar News