റീല്‍സും ഷോര്‍ട്‌സും പഴങ്കഥയാകും; ഇനി താരമാകുന്നത് 'സോറ' ആപ്പ്
ഉപയോക്താക്കള്‍ സ്വന്തമായി വീഡിയോ നിര്‍മിക്കേണ്ടതില്ല എന്നതാണ് ആപ്പിന്റെ ഒരു പ്രത്യേകത
ഇന്‍സ്റ്റഗ്രാം റീല്‍സും യൂടൂബ് ഷോര്‍ട്‌സുമെല്ലാം ഇനി കളത്തിന് പുറത്ത്. ഇനി ഭരിക്കാന്‍ പോകുന്നത് ഓപ്പണ്‍എഐയുടെ 'സോറ ആപ്പ്'.
ഒരുകാലത്ത് ടിക് ടോക്കായിരുന്നു ട്രെന്‍ഡ്. പ്രായഭേദമെന്യേ ആളുകള്‍ ടിക് ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത് സാധാരണമായിരുന്നു. എന്നാല്‍ ടിക് ടോക്കിന് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്‍സ്റ്റഗ്രാം റീല്‍സ് ടിക് ടോക്കിന്റെ പണി ഏറ്റെടുത്തു.
ഇന്ന് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിമാറിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം റീല്‍സും യൂട്യൂബ് ഷോര്‍ട്‌സുമെല്ലാം. ഇപ്പോള്‍ ഇതാ ഇവക്കെല്ലാം വെല്ലുവിളിയായി കളത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ് ഓപ്പണ്‍എഐയുടെ 'സോറ ആപ്പ്'.
ഉപയോക്താക്കള്‍ സ്വന്തമായി വീഡിയോ നിര്‍മിക്കേണ്ടതില്ല എന്നതാണ് ആപ്പിന്റെ ഒരു പ്രത്യേകത. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയാണ് കമ്പനി ആപ്പ് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍, ആവശ്യമായ വീഡിയോ ആപ്പ് തന്നെ നിര്‍മ്മിക്കും.
കമ്പനിയുടെ പുതിയ വീഡിയോ മോഡലായ സോറ 2-വില്‍ അധിഷ്ഠിതമായാണ് സോറ ആപ്പ് ഓപ്പണ്‍എഐ നിര്‍മിക്കുന്നത്.നിലവില്‍ പരിമിതമായ ഉപയോക്താക്കള്‍ക്ക് മാത്രമേ സോറ ആപ്പ് ആക്‌സസ് ചെയ്യാന്‍ സാധിക്കൂ. യുഎസിലെയും കാനഡയിലെയും ഐഫോണുകളില്‍ മാത്രമാണ് ഇപ്പോള്‍ സോറ പുറത്തിറക്കിയിരിക്കുന്നത്.
ആ ആപ്പില്‍ ഉപയോക്താക്കള്‍ക്ക് പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചെറു വീഡിയോകള്‍ നിര്‍മിക്കാനും മറ്റുള്ളവര്‍ നിര്‍മിച്ച വീഡിയോകള്‍ റീമിക്‌സ് ചെയ്യാനും സാധിക്കും. ടിക് ടോക്കുമായി വളരെ സാദൃശ്യമുള്ളതാണ് സോറ ആപ്പ്. ഇതില്‍ ഉള്‍പ്പെടുന്ന റീമിക്‌സ് ഫീച്ചര്‍ ടിക് ടോക്ക് ഡ്യുയറ്റിനും റീമിക്‌സിനും സമാനമാണ്. വെര്‍ട്ടിക്കല്‍ ഫീഡും സൈ്വപ്പ് സ്‌ക്രോള്‍ ഡിസൈനും തന്നെയായിരിക്കും ആപ്പിനുണ്ടാവുക.
ആപ്പ് ഇപ്പോഴും നിര്‍മാണ ഘട്ടത്തിലാണ്. ഉപയോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോപ്പിറൈറ്റിങ് ഉണ്ടാകും. അതോടൊപ്പം നിരന്തരമുള്ള സ്‌ക്രോളിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ വീഡിയോ ക്രിയേറ്റ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ആപ്പ് നല്‍കും. 18 വയസിന് താഴെയുള്ളവര്‍ക്ക് സോറ ആപ്പിന്റെ ഉപയോഗം ഓപ്പണ്‍എഐ കര്‍ശനമായി വിലക്കിയിരിക്കുന്നു.
