ടെൽക്കിന് 289 കോടിയുടെ കരാർ

  • വിവിധ കപ്പാസിറ്റിയുള്ള 38 ട്രാൻസ്ഫോർമർക്കുള്ള 289 കോടി രൂപയുടെ കരാറാണ് ലഭിച്ചിരിക്കുന്നത്.
  • സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന്‌ വ്യവസായ മന്ത്രി പി.രാജീവ്

Update: 2023-11-10 05:59 GMT

സംസ്ഥാന സർക്കാരും എൻ.ടി.പി.സി യും സംയുക്തമായി  പ്രമോട്ടു ചെയ്തിരിക്കുന്ന പൊതുമേഖലാ  സംരംഭമായ അങ്കമാലിയിലെ ട്രാൻസ്‌ഫോമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് ( ടെൽക്ക് ) കമ്പനിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ കരാർ ലഭിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എൻഞ്ചിനീയറിംഗ് ആൻഡ്ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിൽ നിന്നു   289 കോടിയുടെ  ഓർഡറാണ് നേടിയെടുത്തിരിക്കുന്നത്. വിവിധ കപ്പാസിറ്റിയുള്ള 38 ട്രാൻസ്ഫോർമർ നല്കാനാണ് കരാർ. അടുത്ത ജനുവരി മുതൽ ഒരു വർഷത്തിനുള്ളിൽ ട്രാൻസ്ഫോർമറുകൾ നിർമിച്ച്  കൈമാറണം.

കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരാനും ഒരു നാഴികക്കല്ലായി മാറാനും സാധിക്കുന്ന കരാറുകൂടിയാണിത്. പൊതുമേഖലയെ ആധുനികവല്‍ക്കരിച്ചും വൈവിധ്യവല്‍ക്കരിച്ചും സംരക്ഷിച്ചുനിര്‍ത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന്‌ വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.  

ടെൽക്കിന് 353 കോടി രൂപയുടെ ഓർഡറുകളാണ് നിലവില്‍ കൈവശമുണ്ട്.  വിവിധ ട്രാൻസ്‌ഫോമർ കമ്പനികളുടെ ട്രാൻസ്‌ഫോമറുകൾ റിപ്പയർചെയ്യുന്നതിനായി 16 കോടിയുടെ  ഓർഡറുകൾ പ്രതീക്ഷിക്കുന്നതായി ചെയർമാൻ അഡ്വ. പി.സി.ജോസഫും മാനേജിംഗ് ഡയറക്ടർ നീരജ് മിത്തലും  അറിയിച്ചു.

Tags:    

Similar News