കിംസ് കേരള സ്വന്തമാക്കാൻ ക്വാളിറ്റി കെയർ, ഏറ്റെടുക്കൽ 3300 കോടിക്ക്
- 3300 കോടി രൂപയുടേതാണ് ഇടപാട്.
- 2024 സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി കിംസ് ഹെൽത്ത് മാനേജ്‌മന്റ്
അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയർ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ കിംസ് ഹെൽത്ത് മാനേജ്മെന്റിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് കരാറിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഏകദേശം 3300 കോടി രൂപയുടേതാണ് ഇടപാട്.
മണിപ്പാൽ ഹെൽത്ത്, ഫോർട്ടിസ് ഹെൽത്ത് കെയർ, അപ്പോളോ ഹോസ്പിറ്റൽസ്, എന്നിവയുടെ ഏറ്റെടുക്കലിന് ശേഷം കിംസ് കൂടി സ്വന്തമാക്കുന്നതോടു കൂടി 3800 കിടക്കകളുള്ള ഹോസ്പിറ്റൽ ശൃംഖല ക്വാളിറ്റി കെയർ ന് സ്വന്തമാകും. കിംസ് ഹെൽത്ത് മാനേജ്മെന്റിന്റെ 80 ശതമാനം മുതൽ 85 ശതമാനം വരെ ഓഹരികളാവും ക്വാളിറ്റി കെയർ ന് ലഭിക്കുക. സ്ഥാപക പ്രമോട്ടറായ ഡോ. എം.ഐ സഹദുള്ളയുടെ കൈവശം 15 ശതമാനം മുതൽ 20 ശതമാനം ഓഹരികളും ഉണ്ടാവും.
ബ്ലാക്ക് സ്റ്റോണിന്റെയും ടിപിജി ഗ്രോത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് ക്വാളിറ്റി കെയർ. ടിപിജി ക്ക് 25 ശതമാനവും ബ്ലാക്ക് സ്റ്റോണിന്റെ കൈവശം 75 ശതമാനവും ഓഹരി പങ്കാളിത്ത൦ സ്ഥാപനത്തിൽ ഉണ്ട്. കിംസ് ഹെൽത്ത്ന് കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായി നാല് ആശുപത്രികളാണുള്ളത്. ഈ നാല് ആശുപതികളിലായി ആകെ 1378 കിടക്കകളാണുള്ളത്. 300 കിടക്കകളുള്ള നാഗർകോവിലിൽ ആശുപത്രി 2024 മാർച്ചോടെ പ്രവർത്തനമാകും.
കമ്പനി 2024 സാമ്പത്തിക വർഷത്തിൽ 1000 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി കിംസ് ഹെൽത്ത് മാനേജ്‌മന്റ് അറിയിച്ചു.
