ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് കണ്‍വെന്‍ഷന്‍ അങ്കമാലിയില്‍
- പങ്കെടുക്കുന്നത് 600 ലധികം പ്രതിനിധികള്‍
- നാലോളം സാങ്കേതിക സെമിനാളുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.
- നിര്‍മാണ്‍ എന്ന പേരില്‍ ഡിസൈന്‍ മത്സരം
ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) കേരള സ്റ്റേറ്റ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് രണ്ടിന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളത്തിലെ 18 സെന്ററുകളില്‍ നിന്നായി 600 ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. വ്യവസായ മന്ത്രി പി രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ ജോളി വര്‍ഗീസ് അധ്യക്ഷത വഹിക്കും. സെന്റര്‍ ചെയര്‍മാന്‍ സിജു ജോസ് പാറക്ക, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചാള്‍സ് ജെ തയ്യില്‍, സംസ്ഥാന സെക്രട്ടറി ജിബു മാത്യു എന്നിവര്‍ പങ്കെടുക്കും.
നിര്‍മാണ രംഗത്തെ നൂതന സാങ്കേതികവിദ്യകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും വിവിധ സെഷനുകളിലായി നാലോളം സാങ്കേതിക സെമിനാറുകളും നടക്കും. നിര്‍മാണ സാമഗ്രികളുടെ പ്രദര്‍ശനവും വിവിധ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥികള്‍ക്കായി നിര്‍മാണ്‍ എന്ന പേരില്‍ ഡിസൈന്‍ മത്സരവും സംഘടിപ്പിക്കും. ഡിസൈന്‍ മത്സരവും അങ്കമാലി സെന്റര്‍ സര്‍വീസ് പ്രൊജക്റ്റും റോജിഎം ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമ്മേളനത്തിലും അവാര്‍ഡ് സെഷനിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയാകും. ബിഎഐ മുന്‍ ദേശീയ പ്രസിഡന്റ് ചെറിയാന്‍ വര്‍ക്കി, മുരുഗന്‍, ഫസല്‍ അലി തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുക്കും.
