സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണ വിപണി ഇപ്രാവശ്യം റെക്കോര്‍ഡ് വില്‍പ്പന കൈവരിച്ചു. 11 കോടി 35 ലക്ഷം രൂപയുടെ പച്ചക്കറി, പഴം വില്‍പ്പനയാണു നടന്നതെന്നു കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ലൂയിസ് മാത്യു പറഞ്ഞു.
1054.56 ലക്ഷം രൂപയുടെ പച്ചക്കറി വില്‍പ്പനയും, 81.11 ലക്ഷം രൂപയുടെ പഴം വില്‍പ്പനയും ഉള്‍പ്പെടുന്നു.
Full View
2023 ഓഗസ്റ്റ് 25 മുതല്‍ 28 വരെ നാല് ദിവസങ്ങളിലായിരുന്നു സംസ്ഥാനത്ത് ഓണ വിപണി സംഘടിപ്പിച്ചത്. വി എഫ് പി സി കെ (വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം), ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയവരുമായി ചേര്‍ന്നാണു കൃഷി വകുപ്പ് സംസ്ഥാനത്ത് മൊത്തം 2000 സ്റ്റാളുകള്‍ തുറന്നത്.
സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തുറന്ന സ്റ്റാളുകള്‍
ശീതക്കാല പച്ചക്കറികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിച്ചത്. എന്നാല്‍ പച്ചക്കായ, അച്ചിങ്ങ,വെണ്ട ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിച്ചതിനാല്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നില്ല.
2506.29 ടണ്‍ പച്ചക്കറികളും, 175.14 ടണ്‍ പഴങ്ങളുമാണു നാല് ദിവസം കൊണ്ട് വില്‍പ്പന നടത്തിയത്. വിപണി വിലയേക്കാള്‍ 30 ശതമാനം കുറച്ചായിരുന്നു വില്‍പ്പന.
Full View
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റാളുകള്‍ തുറന്നത് മലപ്പുറം ജില്ലയിലാണ്. നൂറ്റിയെട്ടു സ്റ്റാളുകള്‍. ഹോര്‍ട്ടികോര്‍പ്പ് ഏറ്റവും കൂടുതല്‍ സ്റ്റാളുകള്‍ തുറന്നത് തിരുവനന്തപുരത്തായിരുന്നു.168 എണ്ണം. വി എഫ് പി സി കെ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ സ്റ്റാളുകള്‍ തുറന്നത്. പതിനേഴെണ്ണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ 16 സ്റ്റാളുകള്‍ വി എഫ് പി സി കെ തുറന്നു.
കര്‍ഷകരില്‍ നിന്നും കൃഷി വകുപ്പും, ഹോര്‍ട്ടിക്കോര്‍പ്പും, വി എഫ് പി സി കെയും പച്ചക്കറികളും പഴങ്ങളും സംഭരിക്കുകയും ചെയ്തിരുന്നു. വിപണി വിലയേക്കാള്‍ 10 ശതമാനം അധികം വില നല്‍കിയാണു ഇവ സംഭരിച്ചത്.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ' കൃഷിക്കൂട്ടം ' എന്ന പേരില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും പച്ചക്കറി കൃഷി ചെയ്തിരുന്നു. ആദ്യമായിട്ടാണ് കൃഷി വകുപ്പ് ഇത്തരത്തിലൊരു സംരംഭത്തിന് ഒരുങ്ങുന്നത്. ഓരോ വാര്‍ഡിലും ഒരു കൃഷിക്കൂട്ടം എന്ന കണക്കില്‍ രൂപം കൊടുത്തു. ഇതാകട്ടെ ഫലം ചെയ്തു. ഓണത്തിന് പച്ചക്കറികള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒരു പരിധി വരെ അവസാനിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചെന്നും കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ലൂയിസ് മാത്യു പറഞ്ഞു. സംസ്ഥാനത്തെ 2,40,836 ഉപഭോക്താക്കള്‍ക്കും 26,093 കര്‍ഷകര്‍ക്കും ഓണ വിപണിയുടെ പ്രയോജനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.