കേന്ദ്ര-സംസ്ഥാന സാമ്പത്തിക ഇടപാടുകൾ സുതാര്യമാകണം: പിണറായി

  • ജിഎസ്ടിയിൽ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനത്തിന്റെ 44% നഷ്ടം
  • വിഹിതം നിശ്ചയിക്കുന്നതില്‍ വലിയ ദുരൂഹത
  • കേന്ദ്രം സെസ് പിരിവ് ഇപ്പോഴും തുടരുന്നു

Update: 2023-12-11 08:30 GMT

ജി എസ് ടി വിഹിതവും നികുതി വിഹിതവും ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പെരുമ്പാവൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി വിഹിതം നിശ്ചയിക്കുന്നതില്‍ വലിയ ദുരൂഹതയാണ് നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സുതാര്യത വേണമെങ്കില്‍ ജിഎസ്ടി വഴി കേന്ദ്രം സമാഹരിക്കുന്ന തുക എത്രയാണെന്നും ജിഎസ് ടി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യക്തമാക്കണം. കഴിഞ്ഞ നവംബര്‍ മാസത്തില്‍ കേരളത്തിന് ലഭിക്കേണ്ട 332 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതിന്റെ മാനദണ്ഡം സംസ്ഥാന സര്‍ക്കാരിന് അറിയില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് അര്‍ഹമായ വിഹിതം ലഭിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേന്ദ്രം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം

സംസ്ഥാനത്തെ സഹായിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ തയ്യാറാകാതിരുന്ന കേന്ദ്ര സര്‍ക്കാരിനെ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാക്കിയത് നവകേരള സദസ്സിലെ ജന പങ്കാളിത്തമാണ്. അതിന്റെ ഫലമാണ് വസ്തുതാ വിരുദ്ധമാണെങ്കിലും കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. ജിഎസ്ടിയുടെ 100 ശതമാനവും ഐജിഎസ് ടിയുടെ 50 ശതമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നാണ് ധനമന്ത്രിയുടെ പ്രസ്താവന. കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടന്ന് ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ഇത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. യഥാര്‍ത്ഥ വസ്തുത ജി എസ് ടിയുടെ ഭാഗമായുള്ള വരുമാനത്തിന്റെ 50 ശതമാനവും സംസ്ഥാനങ്ങളുടെ തന്നെ വരുമാനമാണ്. അതാണ് നിയമം. ജിഎസ്ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നികുതി വരുമാനത്തിന്റെ 44 ശതമാനം നഷ്ടമാണ് നേരിട്ടത്. കേന്ദ്രത്തിന് നഷ്ടമായത് 28 ശതമാനം മാത്രമാണ് കേന്ദ്രത്തിന് നഷ്ടമായത്. വരുമാനത്തിന്റെ 50 ശതമാനം വീതം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും എന്ന നിലയിലാണ് ജി എസ് ടി വിഹിതം നിശ്ചയിച്ചത്. ജി എസ് ടിയില്‍ 14 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഉറപ്പാക്കുമെന്ന് കേന്ദ്ര വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത്് ഇതുവരെ ഉണ്ടായില്ല.

നികുതി അവകാശ നഷ്ടം പരിഹരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരത്തിന്റെ കാലാവധി അഞ്ചു വര്‍ഷം കഴിഞ്ഞ് അവസാനിച്ചു. ഇതിനായി പ്രത്യേക സെസ് ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്നാണ് നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രം ഇത് അനുവദിച്ചില്ല.

എന്നാല്‍ സെസ് പിരിവ് കേന്ദ്രം ഇപ്പോഴും തുടരുകയാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും നികുതി വരുമാന നഷ്ടം ഉണ്ടാകാതിരിക്കാന്‍ നിശ്ചയിച്ച ശരാശരി നികുതി നിരക്കാണ് റവന്യൂ ന്യൂട്രല്‍ നിരക്ക്. ഈ നിരക്ക് 16 ശതമാനത്തില്‍ നിന്നും 11 ശതമാനമായി കുറഞ്ഞു. ജി എസ്ടിക്ക് മുമ്പ് 35 മുതല്‍ 45 ശതമാനം വരെ നികുതി നിരക്കുണ്ടായിരുന്ന ഇരുന്നൂറിലധികം ഉത്പന്നങ്ങള്‍ക്ക് നികുതി 28 ശതമാനവും പിന്നീട് 18 ശതമാനവുമായി. എന്നാല്‍ ഇതുമൂലം വിലക്കുറവല്ല സംസ്ഥാന നികുതി വിഹിതം കുറയുകയാണ് ചെയ്തത്.

ദേശീയ പാതയുടെ സ്ഥലമെടുപ്പിനായി 5854 കോടി രൂപ കേരളം ദേശീയ പാത അതോറിറ്റിക്ക് നല്‍കി്. ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കുറയ്ക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം തുറമുഖത്തിനുള്ള വായ്പയും നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. 13, 14, 15 ധനകാര്യ കമ്മീഷനുകള്‍ ഉയര്‍ന്ന വിഹിതമാണ് സംസ്ഥാനത്തിന് നല്‍കിയതെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇത് തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ്. 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നു സംസ്ഥാനത്തിനുള്ള വിഹിതം. ഇപ്പോഴുള്ള 15ാം ധനകാര്യ കമ്മീഷന്റെ കാലത്ത് ഇത് 1.92 ശതമാനമാണ്. പ്രതിസന്ധികള്‍ക്കിടയിലും കേരളം പിടിച്ചു നില്‍ക്കുന്നത് കേരളത്തിന്റെ തനത് നികുതി വരുമാനത്തിലെ വര്‍ദ്ധന കൊണ്ടാണ്. 2022-23 ല്‍ തനത് നികുതി വരുമാനം 23.36 ശതമാനം വര്‍ധിച്ചു. 2021-22 ല്‍ 22.41 ശതമാനമായിരുന്നു വര്‍ധന.

Tags:    

Similar News