കേരള കാഷ്യൂ ബോര്‍ഡിന് 43.55 കോടി രൂപ ധനസഹായം

  • സര്‍ഫാസി നിയമ പ്രകാരം ഏറ്റെടുത്ത ഫാക്ടറികളാണ് അടച്ചുപൂട്ടല്‍ നേരിട്ടത്.

Update: 2023-07-29 10:00 GMT

കേരള കാഷ്യൂ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 43.55 കോടി രൂപ അനുവദിച്ചു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് തോട്ടണ്ടി വാങ്ങാനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന 5300 ടണ്‍ തോട്ടണ്ടി ഓഗസ്റ്റ് മാസത്തില്‍ ഫാക്ടറികളിലെത്തും.

കാഷ്യൂ കോര്‍പറേഷനിലും കാപ്പക്സിലുമായി പണിയെടുക്കുന്ന 17,100 തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകുന്നതും ഈ വര്‍ഷം എല്ലാവര്‍ക്കും പൂര്‍ണമായും തൊഴില്‍ ഉറപ്പാക്കുന്നതുമാണ് ഈ നടപടിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

ജപ്തിയില്‍ നില്‍ക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ വായ്പ തീര്‍പ്പാക്കി ശ്രമങ്ങള്‍ കാര്യക്ഷമാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ബാങ്കുകള്‍ സര്‍ഫാസി നിയമ പ്രകാരം ഏറ്റെടുത്ത ഫാക്ടറികളാണ് അടച്ചുപൂട്ടിയത്.കുടിശികയില്‍ ഇളവും ഉദാരമായ പുതിയ വായ്പകളുമെന്ന സര്‍ക്കാരിന്റെ ഫോര്‍മുല ബഹുഭൂരിപക്ഷം ബാങ്കുകളും നടപ്പാക്കിയില്ല.

ഏറ്റവും ഒടുവില്‍ വ്യവസായ മന്ത്രി സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റിയില്‍ വ്യവസായികളുടെയും ബാങ്കുകളുടെയും പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ 8ന് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കിയെങ്കിലും വലിയൊരു വിഭാഗം ബാങ്കുകള്‍ നിസഹകരണത്തിലാണെന്നാണ് ഫാക്ടറി ഉടമകള്‍ പറയുന്നത്.

വായ്പ തീര്‍പ്പാക്കല്‍ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുക, പരസ്പര ആശയവിനിമയത്തിന് സര്‍ക്കാരും ബാങ്കുകളും പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുക എന്നീ തീരുമാനങ്ങളുമെടുത്തിരുന്നു.

സംസ്ഥാനത്ത് ഏതാണ്ട് 750 ഓളം കശുവണ്ടി ഫാക്ടറികള്‍ അടച്ചുപൂട്ടല്‍ നേരിട്ട് കഴിഞ്ഞു. ഇതിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

Tags:    

Similar News