നിങ്ങള്‍ക്കും വ്യവസായ പാര്‍ക്ക് തുടങ്ങാം, സര്‍ക്കാര്‍ സബ്‌സിഡി വാരിക്കോരി, കടമ്പൂരിലെ പാര്‍ക്കിന് നല്‍കിയത് മൂന്ന് കോടി

  • കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് പാലക്കാട്
  • മൂന്നുകോടി സര്‍ക്കാര്‍ സബ്‌സിഡി
  • പത്തേക്കര്‍ ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ളവര്‍ക്ക് പാര്‍ക്കുകള്‍ തുടങ്ങാം

Update: 2022-12-05 12:15 GMT


പാലക്കാട്: കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്കിന് പാലക്കാട് ജില്ലയിലെ കടമ്പൂരില്‍ തുടക്കം. അഞ്ച് ഏക്കര്‍ വിസ്തൃതിയില്‍ പാര്‍ക്ക് നിര്‍മ്മിക്കാനാണ് അനുമതി. വ്യാവസായിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കാന്‍ പരിമിതി ഉള്ളതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. അഞ്ചുപേരുടെ പങ്കാളിത്തത്തില്‍ ഒരുങ്ങുന്ന പാര്‍ക്കിന്റെ മാനേജിംഗ് പാര്‍ട്ണര്‍ എം ഹംസയാണ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

കയര്‍ ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, മര ഉത്പന്നങ്ങള്‍, യന്ത്രോപകരണങ്ങള്‍, പൊതുസംഭരണ ശാല എന്നിവയാണ് പാര്‍ക്കില്‍ തുടങ്ങാനിരിക്കുന്നത്. സംരംഭങ്ങള്‍ക്കു വേണ്ടി ബഹുനില മന്ദിരമാണ് പദ്ധതിയിടുന്നത്. 25 കോടി രൂപയാണ് മുതല്‍ മുടക്ക്. മൂന്നുകോടി രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുക. പാര്‍ക്ക് ഉയരുന്നതോടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

പത്തേക്കര്‍ ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ള സ്ഥാപനങ്ങള്‍, സഹകരണസംഘങ്ങള്‍, ട്രസ്റ്റുകള്‍, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, എംഎസ്എംഇ സ്‌കീമിലുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് പാര്‍ക്കുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഏകജാല സംവിധാനത്തിലൂടെ വിവിധ വകുപ്പുകളുടെ സഹായം ഇവര്‍ക്ക് ലഭ്യമാകും. റോഡ്, വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കുന്നതാണ്.

കിന്‍ഫ്ര ഉദ്യോഗസ്ഥര്‍ കണ്‍വീനറായും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ചെയര്‍മാനുമായുള്ള സമിതി സ്ഥലം സന്ദര്‍ശിച്ച് സംസ്ഥാന സമിതിക്ക് ശിപാര്‍ശ നല്‍കി. തുടര്‍ന്ന് വ്യവസായ വകുപ്പിന്റെ അനുമതി നേടിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോട്ടയം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഉടന്‍ പാര്‍ക്കുകള്‍ വരുന്നതാണ്.

Tags:    

Similar News