ആലപ്പുഴക്ക് അഴകായി ഫുഡ് ആര്‍ട്ട് സ്ട്രീറ്റ് ഒരുങ്ങുന്നു

  • ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ മുന്നോട്ടുവെച്ച ഈ ആശയത്തിനായി 46 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
  • 'അഴകോടെ ആലപ്പുഴ' പദ്ധതിക്കായി ലഭിച്ച 40 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും

Update: 2022-12-03 10:00 GMT

ആലപ്പുഴ: ഫുഡ് ആര്‍ട്ട് സ്ട്രീറ്റ് സൗകര്യമൊരുക്കന്‍ പദ്ധതിയുമായി ആലപ്പുഴ ബീച്ച്. പാരമ്പര്യം വിളിച്ചു കാട്ടുന്ന തെരുവുകളെ അവയുടെ പ്രൗഢിയും മനോഹാരിതയും നഷ്ടപ്പെടാതെ ആധുനികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് ആര്‍ട്ട് സ്ട്രീറ്റ് നടപ്പിലാക്കാനൊരുങ്ങുന്നത്. ലൈറ്റ് ഹൗസ് റോഡില്‍ പുതുവത്സരത്തോടെ വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 12 വരെ ഫുഡ് ആര്‍ട്ട് സ്ട്രീറ്റ് ഒരുങ്ങും. നഗരസഭാ സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലെ ലൈറ്റ് ഹൗസിന്റെ പ്രധാന കവാടം മുതല്‍ എഫ്‌സിഐ ഗോഡൗണിനു മുന്നിലൂടെയുള്ള എലിഫന്റ് റോഡ് വരെ ബീച്ചില്‍ നിന്നും ഏകദേശം 150 മീറ്റര്‍ ദൂരത്തിലാണ് ഫുഡ് ആര്‍ട്ട് സ്ട്രീറ്റ് തയ്യാറാകുന്നത്.

പ്രൊജക്ടര്‍ സ്‌ക്രീന്‍, ആംഫി തീയേറ്റര്‍, എക്സിബിഷന്‍ ഏരിയ, അലങ്കാര ദീപങ്ങള്‍ തുടങ്ങി നിരവധി സവിശേഷതകളോടെ വര്‍ണാഭമായ രീതിയിലാണ് ഫുഡ് ആര്‍ട്ട് സ്ട്രീറ്റ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്. നാടന്‍ രുചിക്കൂട്ടുകള്‍ മുതല്‍ ചൈനീസ് വിഭവങ്ങള്‍ വരെ ഇവിടെ വിളമ്പും. ഐസ്‌ക്രീം, ജ്യൂസ് എന്നിവയ്ക്കായി പ്രത്യേകം സ്ഥലവുമുണ്ടാവും. കെഎസ്ആര്‍ടിസി ഡയല്‍ ഡെക്കര്‍ ഫുഡ് ട്രക്കും ഫുഡ് ആര്‍ട്ട് സ്ട്രീറ്റിന്റെ ഭാഗമാകും.

പൂര്‍ണമായും ശിശു സൗഹൃദമായി തയ്യാറാക്കുന്ന ഫുഡ് ആര്‍ട്ട് സ്ട്രീറ്റില്‍ ഒരേസമയം മൂവായിരത്തോളം ആളുകളെയും മുന്നൂറോളം കാറുകളും ഉള്‍ക്കൊള്ളാനുള്ള സ്ഥലവും ക്രമീകരിക്കും. കുട്ടികള്‍ക്ക് വേണ്ടി വിവിധയിനം പരിപാടികള്‍ സംഘടിപ്പിക്കുകയും കളിസ്ഥലമൊരുക്കുകയും ചെയ്യും.

ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ മുന്നോട്ടുവെച്ച ഈ ആശയത്തിനായി 46 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 'അഴകോടെ ആലപ്പുഴ' പദ്ധതിക്കായി ലഭിച്ച 40 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. ആലപ്പുഴയിലെ യുവ ആര്‍ക്കിടെക്ടുമാരും കലാകാരന്മാരും ഡിസൈനുമാരും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ഫുഡ് ആര്‍ട്ട് സ്ട്രീറ്റിന്റെ വീഡിയോ പ്രസന്റേഷന്‍ കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലില്‍ അവതരിപ്പിക്കുകയും കൗണ്‍സില്‍ യോഗം പദ്ധതിയ്ക്ക് അനുമതി നല്‍കുകയും ചെയ്തു.

Tags:    

Similar News