എറണാകുളം ജില്ലയില്‍ കുടുംബശ്രീ പൂ കൃഷി ചെയ്തത് 77 ഏക്കറില്‍
- പൂക്കളമൊരുക്കുന്ന തിരക്കിലാണ് നാടും നഗരവും
- ചെണ്ടുമല്ലിക്കും വാടാമല്ലിക്കുമാണ് പൊതുവേ ഡിമാന്‍ഡ്
എറണാകുളം ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇപ്രാവിശ്യം പൂ കൃഷി ചെയ്തത് 76.95 ഏക്കറില്‍. 44 സിഡിഎസ്സുകളുടെ കീഴിലായി 513 വനിതകളാണ് പൂ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചെണ്ടുമല്ലി മാത്രമാണു കൃഷി ചെയ്തതെന്ന് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ റജീന ടി.എം. പറഞ്ഞു.
ദിവസങ്ങള്‍ക്കു മുന്‍പ് വിളവെടുപ്പ് ആരംഭിച്ചു. വിളവെടുപ്പ് ഇപ്പോഴും പുരോഗമിക്കുകയാണ്. വിളവെടുപ്പിന്റെ കണക്ക് ഓണം കഴിഞ്ഞാല്‍ മാത്രമായിരിക്കും ലഭ്യമാവുകയെന്നും റജീന പറഞ്ഞു.
കൃഷിയില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ ഏര്‍പ്പെട്ടിരിക്കുന്നത് രാമമംഗലം സിഡിഎസ്സിലാണ്. 45 വനിതകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.
ഏറ്റവും കൂടുതല്‍ ഏരിയയില്‍ കൃഷി ചെയ്ത സിഡിഎസ് മഴുവന്നൂരാണ്. 8 ഏക്കറിലാണ് ഇവിടെ കൃഷിയിറക്കിയത്.
സജീവമായി പൂ വിപണി
പൂവിളി ഉയര്‍ന്നു, പൂക്കളമൊരുക്കാനുള്ള തിരക്കിലാണ് നാടും നഗരവും. അത്തം മുതല്‍ തിരുവോണം വരെ പൂക്കളങ്ങള്‍ നിറയുന്ന ഓണക്കാലം പൊലിമയുള്ളതാക്കാന്‍ കൊച്ചി നഗരവും ഒരുങ്ങി. സ്‌കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും ഓണാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ പൂ വിപണിയും സജീവമായി.
എറണാകുളം നോര്‍ത്ത് അഥവാ പൂക്കളുടെ ഹബ്ബ്
പൂക്കളുടെ ഹബ്ബാണ് എറണാകുളം നോര്‍ത്ത്. കൊച്ചി നഗരത്തില്‍ നോര്‍ത്ത് ടൗണ്‍ഹാളിനു സമീപം ഡസനിലേറെ പൂ വില്‍പ്പനക്കാരാണു സ്ഥാനം പിടിച്ചിരിക്കുന്നത്. ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. രാവും പകലും ഇവിടെ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. രാവിലെ നാല് മുതല്‍ പൂ കച്ചവടം ആരംഭിക്കും. രാത്രി 12 മണി വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
വന്‍കിട സ്റ്റാളുകള്‍ മുതല്‍ നിരത്തിലിരുന്നു കച്ചവടം ചെയ്യുന്ന ചെറുകിട വില്‍പ്പനക്കാര്‍ വരെയായി നിരവധി പൂ കച്ചവടക്കാരാണ് ഇവിടെ സജീവമാകുന്നത്.
അത്തം മുതല്‍ ഓണം അവസാനിക്കുന്ന ചതയം വരെ പൂ കച്ചവടക്കാര്‍ ഇവിടെയുണ്ടാകും.
താരമായി ചെണ്ടുമല്ലിയും വാടാമല്ലിയും
ചെണ്ടുമല്ലിക്കും വാടാമല്ലിക്കുമാണ് പൊതുവേ ഡിമാന്‍ഡ് എന്ന് എറണാകുളം നോര്‍ത്തില്‍ പൂ കച്ചവടം ചെയ്യുന്ന ഓര്‍ക്കിഡ് ഫ്‌ളെവര്‍ ബസാറെന്ന സ്റ്റാളിന്റെ ഉടമ സുന്ദരന്‍ പറഞ്ഞു.
ചെണ്ടുമല്ലി കിലോ 200-250 രൂപ നിരക്കിലും, വാടാമല്ലി 400 രൂപ നിരക്കിലുമാണ് വില്‍പ്പന. ചില ദിവസങ്ങളില്‍ വിലയില്‍ മാറ്റം വരാറുണ്ട്. മഞ്ഞ, ഓറഞ്ച് നിറത്തിലും ചെണ്ടുമല്ലിയുണ്ട്. ഇതിനു പുറമെ വെള്ള നിറത്തിലുള്ള ജമന്തിയും, ചുവന്ന റോസും, പിങ്ക് അരളിയും, ആസ്ട്രാ ബ്ലൂ എന്ന പൂവും വിപണിയിലുണ്ട്. കാറ്റാടി മരത്തിന്റെ ഇല, താമരമൊട്ട്, തെങ്ങിന്റെ പൂക്കുല എന്നിവ വില്‍പ്പന നടത്തുന്ന കച്ചവടക്കാരുമുണ്ട്.
തമിഴകം കടന്നു വരുന്ന പൂക്കള്‍
തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ട്, ബെംഗളുരു, ചിക്കമംഗളൂര്‍, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണു കൊച്ചി നഗരത്തില്‍ വില്‍പ്പനയ്ക്കുള്ള പൂക്കളെത്തുന്നത്. ഇപ്രാവിശ്യം പൂ കൃഷിക്ക് അനുകൂലമായ കാലാവസ്ഥയായിരുന്നതിനാല്‍ പൂക്കളുടെ ക്ഷാമം വിപണിയില്‍ ഇല്ല. അതേസമയം കേരളത്തില്‍ മഴ ഇപ്രാവിശ്യം കുറവായതും ചെണ്ടുമല്ലി കൃഷിക്കാര്‍ക്ക് ദോഷം ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്.
വില ഉയരും
തിരുവോണത്തിനു മുന്‍പുള്ള അഞ്ച് ദിവസങ്ങളിലാണ് പൂക്കള്‍ക്കു പൊതുവേ ഡിമാന്‍ഡ് ഉയരുന്നതെന്നു എറണാകുളം നോര്‍ത്തില്‍ പൂ കച്ചവടം ചെയ്യുന്ന സുന്ദരേശന്‍ പറഞ്ഞു. മഴ മാറി നില്‍ക്കുന്നതിനാല്‍ വൈകുന്നേരങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിമാന്‍ഡ് ഉയരുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ പൂക്കള്‍ക്ക് വില ഉയരാനാണു സാധ്യത.
വാടാമല്ലി, അരളി, വെള്ള ജമന്തി എന്നിവയാണു അന്യസംസ്ഥാനങ്ങളില്‍നിന്നും കൂടുതലായി ഇവിടെയെത്തുന്നത്.
ചെണ്ടുമല്ലി കേരളത്തില്‍ ഇപ്പോള്‍ വന്‍ തോതില്‍ കൃഷി ചെയ്യുന്നതിനാല്‍ വിപണിയില്‍ ഇവയ്ക്കു ക്ഷാമം നേരിടാറില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണു ചെണ്ടുമല്ലി കൃഷി കേരളത്തില്‍ നടക്കുന്നത്. ഓണക്കാലത്ത് വിളവെടുക്കാന്‍ പാകത്തിലാണ് ഇവ കൃഷി ചെയ്യുന്നതും.
കേരളത്തിന്റെ തോവാള കണക്ഷന്‍
കേരളത്തിലെ ഏറ്റവും വലിയ പൂ വിപണികളിലൊന്നാണു തിരുവനന്തപുരത്തുള്ള ചാല. ഇവിടെ പൂക്കളെത്തുന്നത് പ്രധാനമായും തോവാളയില്‍ നിന്നാണ്. അതു കഴിഞ്ഞാല്‍ കര്‍ണാടകയിലെ ഹൊസൂരില്‍നിന്നും ഇവിടേയ്ക്കു പൂക്കളെത്തുന്നുണ്ട്. തോവാള ഗ്രാമത്തിലെ ഏകദേശം മൂവായിരത്തി ല്‍പ്പരം കുടുംബങ്ങളുടെ വരുമാനം പൂ കച്ചവടമാണ്. തോവാളയില്‍ ദിവസവും 10 ടണ്‍ വരെ പൂക്കള്‍ വില്‍ക്കുന്നുണ്ടെന്നാണു കണക്ക്. ഓണമാകുന്നതോടെ ഇത് 15 ടണ്ണിലും കൂടുമെന്നു കച്ചവടക്കാര്‍ പറയുന്നു.
