'മെയ്ഡ് ഇന്‍ കൊച്ചി'ക്ക് ആഗോള പ്രചാരം നല്‍കി ഐബിഎം

  • ഈ വർഷം കൊച്ചിയില്‍ കൂടുതല്‍ വലിയ കെട്ടിടം നോക്കുന്നു
  • കേരളത്തില്‍ നിന്ന് മികച്ച പ്രതിഭകളെ ലഭിക്കുന്നൂവെന്ന് ഐബിഎം
  • സര്‍ക്കാരും സര്‍വകലാശാലകളും മികച്ച പിന്തുണ നല്‍കുന്നു

Update: 2024-01-08 06:02 GMT

സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്‍റില്‍ കൊച്ചി ആഗോള ശ്രദ്ധയുള്ള ഇടമായി വളരുകയാണെന്ന് ഐബിഎം സോഫ്‌റ്റ്‌വെയർ സീനിയർ വൈസ് പ്രസിഡന്റ് (പ്രൊഡക്റ്റ്സ്) ദിനേശ് നിർമൽ. കൊച്ചിയിലെ ഐബിഎമ്മിന്റെ സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് ലാബിൽ വികസിപ്പിക്കുന്ന സോഫ്‌റ്റ്‌വെയറുകള്‍ വൻകിട ആഗോള കോർപ്പറേറ്റുകളിലേക്കും സംരംഭങ്ങളിലേക്കും എത്തുമ്പോള്‍ നഗരത്തിന്‍റെ പേരു കൂടി അവിടെ കൊത്തിവെക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സോഫ്‌റ്റ്‌വെയർ വികസനത്തിൽ കൊച്ചിയെ വെറുമൊരു ട്രാൻസിറ്റ് പോയിന്റാക്കി മാറ്റുന്നതിനുപകരം സോഫ്‌റ്റ്‌വെയർ ഉൽപന്നങ്ങൾക്കൊപ്പം 'മെയ്‌ഡ് ഇൻ കൊച്ചി' എന്ന ടാഗ്‌ലൈൻ സ്ഥാപിക്കുന്നത് നഗരത്തിന് അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 2022 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായ വളര്‍ച്ച ലാബിന് നേടാനായി.

"ഞാൻ നിരവധി ലാബുകളിൽ പ്രവർത്തിച്ചിട്ടുണ്ട്, എന്നാൽ ഇത്രയും ഉയർന്ന വളർച്ചാ നിരക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. നമുക്ക് ലഭിക്കുന്ന ഉയർന്ന നിലവാരമുള്ള പ്രതിഭകളെ കുറിച്ച് കൂടി പറയേണ്ടതുണ്ട്. കഴിവും വൈദഗ്ധ്യവുമുള്ള തൊഴില്‍ ശക്തി ഇവിടെയുണ്ട്. ഔട്ട്പുട്ട് വീക്ഷണകോണിൽ പറഞ്ഞാല്‍, കൊച്ചി ലാബ് ലോകമെമ്പാടും തിളങ്ങി," ശ്രീ നിർമ്മൽ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ഡാറ്റ എന്നിവയാണ് 1000 ഡെവലപ്പർമാർ ജോലി ചെയ്യുന്ന കൊച്ചി ലാബിന്റെ മൂന്ന് പ്രധാന മേഖലകൾ. എഐ, ഡാറ്റാ പ്ലാറ്റ്‌ഫോമായ ഐബിഎം Watsonxഉം ജനറേറ്റീവ് എഐ, ഓട്ടോമേഷൻ സാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളുന്ന ഐബിഎം Watsonx ഓർക്കസ്‌ട്രേറ്റുമാണ് കൊച്ചിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് പ്രധാന സോഫ്റ്റ്‌വെയറുകള്‍. യൂറോപ്പ്, ഏഷ്യ, യു.എസ്. എന്നിവിടങ്ങളിലെ ഉപഭോക്താക്കൾ രണ്ട് ഉൽപ്പന്നങ്ങളും വളരേയധികം ഉപയോഗിക്കുന്നു. 

കൊച്ചി ഇനിയും വളരും

കൊച്ചിയിലെ ലാബ് വികസിപ്പിക്കുകയും കൂടുതൽ ആളുകളെ നിയമിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയെന്നും 2024-ൽ വിപുലീകരണത്തിനായി മറ്റൊരു വലിയ കെട്ടിടം  നോക്കുകയാണെന്നും നിര്‍മല്‍ പറയുന്നു. “ഇപ്പോൾ, ബെംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകൾ കൊച്ചിയിലേക്ക് വരുന്നു. ഉയർന്ന വേതനം നൽകുന്നതിനൊപ്പം, ഓരോ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ജോലിയും ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദം തുടങ്ങിയ മേഖലകളിൽ അധികമായി 10 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ സൃഷ്ടിക്കുന്ന 1,000 തൊഴിലവസരങ്ങളിൽ മാത്രമല്ല, അവർ സൃഷ്ടിക്കുന്ന 10,000 തൊഴിലവസരങ്ങളിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വ്യക്തമായും സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നു. കേരളത്തെ സ്‌നേഹിക്കുകയും എന്നാൽ ജോലിക്കായി നാടുവിടുകയും ചെയ്‌ത നിരവധി ആളുകൾ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ കാരണം മടങ്ങിവരുന്നു,” നിർമ്മൽ പറഞ്ഞു.

മികച്ച വിദഗ്ധരെ കണ്ടെത്തുന്നതില്‍ സംസ്ഥാന സർക്കാരും  സർവകലാശാലകളും മികച്ച പിന്തുണയാണ് നല്‍കുന്നത്. ഏതെങ്കിലും സർവ്വകലാശാലയിലോ വിദ്യാഭ്യാസ പരിപാടികളിലോ ഇന്റേൺഷിപ്പ് നടത്തുന്നത് മുതല്‍ ഞങ്ങള്‍ സമീപിച്ച കാര്യങ്ങളിലെല്ലാം സർക്കാര്‍ പൊസിറ്റിവായാണ് പ്രതികരിച്ചത്. ഇതിനെല്ലാം പുറമേ, അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ കൊച്ചിക്കുണ്ടെന്നും നിർമല്‍ പറഞ്ഞു. 

Tags:    

Similar News