ഇടുക്കി തന്നെ 'വലിയവന്‍'

  • ഭൂമി ആവശ്യമുള്ള ഗോത്ര വര്‍ഗക്കാരില്‍ നിന്ന് പട്ടിക വര്‍ഗ വകുപ്പ് അപേക്ഷ ക്ഷണിക്കും. വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി പരിശോധിച്ച് ശുപാര്‍ശ പഞ്ചായത്തിന് കൈമാറും.

Update: 2023-09-11 05:45 GMT

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയെന്ന നേട്ടം വീണ്ടും ഇടുക്കിക്ക്. പാലക്കാട് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിന്റെ ഭൂവിസ്തീര്‍ണം കൂട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങയതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതെത്തിയത്.

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കില്‍ ഉള്‍പ്പെട്ട കുട്ടമ്പുഴ വില്ലേജിന്റെ 12,718.509 ഹെക്ടര്‍ സ്ഥലം ഇടമലക്കുടി വില്ലേജിനോട് ചേര്‍ക്കുകയായിരുന്നു. ഭരണ സൗകര്യം പരിഗണിച്ചായിരുന്നു ഈ നീക്കം. കൂട്ടിച്ചേര്‍ക്കലോടെ ഇടുക്കി ജില്ലയുടെ വിസ്തീര്‍ണം 4612 ചതുരശ്ര കിലോമീറ്ററായി. മുന്‍പ് ഇത് 4358 ചതുരശ്ര കിലോമീറ്ററായിരുന്നു.

രണ്ടാമനായി പാലക്കാട്

4482 ചതുരശ്ര കിലോമീറ്ററാണ് രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടിന്റെ വിസ്തീര്‍ണം. ഇടുക്കിക്ക് ഭൂമി വിട്ടുനല്‍കിയതോടെ എറണാകുളം ജില്ല വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തുനിന്നും അഞ്ചാംസ്ഥാനത്തേക്കായി. 3068 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന എറണാകുളത്തിന്റെ പുതിയ വിസ്തീര്‍ണം 2924 ചതുരശ്ര കിലോ മീറ്ററായി. വലിപ്പത്തില്‍ 3550 ചതുരശ്ര കിലോമീറ്റമായി മൂന്നാമത് മലപ്പുറവും നാലാമത് തൃശൂരുമാണ്. അഞ്ചാമതായിരുന്ന തൃശൂര്‍ 3032 ചതുരശ്ര കിലോ മീറ്റര്‍ ആയി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

കൈ വിട്ട സ്ഥാനം

1997 വരെ ഇടുക്കി തന്നെയായിരുന്നു കേരളത്തിലെ വലിയ ജില്ല. എന്നാല്‍ 1997 ജനുവരി ഒന്നിന് ദേവികുളം താലൂക്കില്‍ നിന്ന് കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലേക്ക് ചേര്‍ത്തതോടെയാണ് ഇടുക്കിയുടെ ഒന്നാം സ്ഥാനം നഷ്ടമായത്.

സന്തോഷത്തില്‍ ഇടമലക്കുടി ഗോത്രം

കുട്ടമ്പുഴ വില്ലേജില്‍ നിന്ന് ഭൂമി വിട്ടു കിട്ടിയതോടെ വനാവകാശ നിയമപ്രകാരം ഭൂമി ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയ സന്തോഷത്തിലാണ് ഇടമലക്കുടി ഗോത്ര വിഭാഗക്കാര്‍. വനത്തിനുള്ളില്‍ താമസിക്കുന്ന ഗോത്ര വിഭാഗക്കാര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ക്കായി 10 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശ രേഖകള്‍ നല്‍കുന്ന പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കി തുടങ്ങിയെങ്കിലും ഇടമലക്കുടിയല്‍ സാങ്കേതിക തടങ്ങള്‍ വിനയായി നിന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

വനാവകാശ നിയപ്രകാരം ലഭിക്കുന്ന ഭൂമിയുടെ പൂര്‍ണ ഉടമസ്ഥാവകാശം വനം വകുപ്പിനാണ്. ഈ ഭൂമി വില്‍ക്കുവാനോ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനോ പാടില്ല. അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടാം.

Tags:    

Similar News