തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡ് കൂടും, പുനര്‍നിര്‍ണയത്തിന് മന്ത്രിസഭാ അംഗീകാരം

  • പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെ ഓരോ വാര്‍ഡുകള്‍ വീതം വര്‍ധിക്കും
  • ഗ്രാമപഞ്ചായത്തിൽ 1000 പേര്‍ക്ക് ഒരു വാർഡ് എന്നാണ് കണക്ക്

Update: 2024-05-20 08:34 GMT

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 

പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെ ഓരോ വാര്‍ഡുകള്‍ വീതം വര്‍ധിക്കും. വാര്‍ഡ് വിഭജനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായി കമ്മീഷനെ നിയോഗിക്കും.  ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് വാർഡ് പുനർനിർണം പൂർത്തിയാക്കും. ഗ്രാമപഞ്ചായത്തിൽ 1000 പേര്‍ക്ക് ഒരു വാർഡ് എന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം വരും. ജനസംഖ്യ വര്‍ധിച്ചെന്ന് വിലയിരുത്തിയാണ് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്നത്.

വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും.

2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2010ലാണ് അവസാനമായി വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടന്നത്. അംഗങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ ഇവര്‍ക്ക് ഓണറേറിയം നല്‍കാന്‍ മാത്രം അഞ്ചു വര്‍ഷം 67 കോടി രൂപ അധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.


Tags:    

Similar News