ക്യാമ്പസുകളിൽ വ്യവസായ പാർക്ക്; സാമ്പത്തിക വര്‍ഷം 25 എണ്ണം തുടങ്ങിയേക്കും
- 5 ഏക്കര്‍ ഭൂമി കൈവശമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പാര്‍ക്കുകള്‍ ആരംഭിക്കാം
- അനുമതി ലഭിക്കുന്ന പാര്‍ക്കുകളില്‍ പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 1.5 കോടി രൂപ വരെ സര്‍ക്കാര്‍ അനുവദിക്കും
- ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എന്‍.ഒ.സി ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് പാര്‍ക്കുകള്‍ ആരംഭിക്കാനാവുക
സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വം വളര്‍ത്താനും, വ്യവസായ അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ വഴിയൊരുക്കും.
ചുരുങ്ങിയത് 5 ഏക്കര്‍ ഭൂമി കൈവശമുള്ള സര്‍വ്വകലാശാലകള്‍, ആര്‍ട്ട്‌സ് & സയന്‍സ് കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഐ.ടി.ഐകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, കാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാം. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ക്ക് 2 ഏക്കര്‍ മതിയാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങള്‍ക്കും അപേക്ഷിക്കാം. ഇതിനായി ഡെവലപ്പര്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കണം. വ്യവസായ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ വകുപ്പ്, ജലവിഭവവകുപ്പ്, ഊര്‍ജ്ജ പരിസ്ഥിതി വകുപ്പുകള്‍ എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സംസ്ഥാന തല സെലക്ഷന്‍ കമ്മിറ്റി അപേക്ഷകളില്‍ തീരുമാനമെടുക്കും. ജില്ലാ തലത്തില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയുടെ സ്ഥല പരിശോധനക്കു ശേഷമാകും അപേക്ഷകളില്‍ തീരുമാനമെടുക്കുക.
ഈ സാമ്പത്തിക വര്‍ഷം 25 എണ്ണം തുടങ്ങാനാണ് ആലോചനയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എഴുപതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് യൂണിവേഴ്‌സിറ്റികളും താത്പര്യമറിയിച്ചു. അനുമതി ലഭിക്കുന്ന പാര്‍ക്കുകളില്‍ റോഡുകള്‍, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങി പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 1.5 കോടി രൂപ വരെ സര്‍ക്കാര്‍ അനുവദിക്കും. സ്റ്റാന്റേഡ് ഡിസൈന്‍ ഫാക്ടറികള്‍ക്കും ഈ തുക നല്‍കും. പാര്‍ക്കുകളിലെ ഉല്‍പാദന യൂണിറ്റുകള്‍ക്ക് ഇന്‍സന്റീവും പരിഗണിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എന്‍.ഒ.സി ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് കാമ്പസ് പാര്‍ക്കുകള്‍ ആരംഭിക്കാനാവുക. അനുമതി ലഭിക്കുന്ന പാര്‍ക്കുകള്‍ക്ക് വ്യവസായ മേഖലാ പദവിക്കും അര്‍ഹതയുണ്ടാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ഉറപ്പുവരുത്തിയതിനു ശേഷം ലഭിക്കുന്ന അധിക ഭൂമിയില്‍ ആയിരിക്കും പാര്‍ക്കുകള്‍ ആരംഭിക്കുക. പരിസ്ഥിതി സൗഹൃദമായ പാര്‍ക്കുകള്‍ ആയിരിക്കും ഇവ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റിസ് അവസരവും ഇതിലൂടെ ലഭിക്കും.
