ദക്ഷിണേന്ത്യയിലെ ആദ്യ എഐ ടൗൺ ഷിപ്പ്; ലാൻഡ് പൂളിങ്ങിലൂടെ ഏറ്റെടുക്കുന്നത് 600 ഏക്കർ, വില കുതിക്കുമോ?
ഇൻഫോപാർക്കിൽ ഒരുങ്ങുന്നത് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ എഐ സിറ്റി. എന്തൊക്കെ മാറ്റങ്ങൾ വരും?
കൊച്ചി: ഇൻഫോപാർക്കിൽ അത്യാധുനിക എഐ സിറ്റി ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ എഐ സിറ്റിയായി ഇതുമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുരിന്തിൽ അടുത്തിടെ മൈഫിൻ ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ എക്സിക്യൂട്ടിവ് എഡിറ്റർ ഫിജി തോമസിനോട് വ്യക്തമാക്കിയിരുന്നു. 25000 കോടി രൂപയുടെ നിക്ഷേപമാണ് എഐ സിറ്റിയിൽ പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 600 ഏക്കറിലാണ് സിറ്റി വിഭാവനം ചെയ്യുന്നത്. ജിസിഡിഎക്കാണ് നിർമാണ ചുമതല.
മൂന്നാം ഘട്ട വികസനത്തിൻെറ ഭാഗമായാണ് ഇൻഫോപാർക്കിൽ പ്രത്യേക നഗരം തന്നെ വിഭാവനം ചെയ്തിരിക്കുന്നത്. ഒരു നഗരത്തിലെ എല്ലാ കാര്യവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നിർവഹിക്കുന്ന രീതിയാണ് നടപ്പാക്കുക. വാട്ടർ യൂസർ മാനേജ്മൻ്റും എനർജി മാനേജ്മൻ്റും ഉൾപ്പെടെ എല്ലാം സെൻസറുകളുടെ സഹായത്തോടെ ആസൂത്രണം ചെയ്യുന്ന രീതി നഗരാസൂത്രണത്തിൽ തന്നെ വേറിട്ടതാകും. പ്രത്യേക ലാൻഡ് പൂളിങ് സംവിധാനത്തിലൂടെയാണ് ഭൂമി ഏറ്റെടുക്കൽ നടപ്പാക്കുക. താൽപ്പര്യമുള്ളവർക്ക് പദ്ധതിക്കായി സ്വമേധയാ ഭൂമി നൽകാം
എന്താണ് ലാൻഡ് പൂളിങ് സംവിധാനം?
എഐ സിറ്റിക്കായി ഭൂമി നൽകാൻ താൽപ്പര്യമുള്ളവർക്ക് സ്വന്തം ഇഷ്ട പ്രകാരം സ്ഥലം നൽകാനും തിരിച്ച് വാങ്ങാനും ആകുന്ന രീതിയാണ് ഇവിടെ നടപ്പാക്കുക. നിശ്ചിത കാലാവധിക്ക് ശേഷം ഭൂമി ഉടമസ്ഥന് തിരികെ ലഭിക്കും. ഇങ്ങനെ പൂളിലേക്ക് എത്തുന്ന ഭൂമി ഇൻഫോ പാർക്ക് വികസിപ്പിക്കും. പ്രത്യേക സോണുകളിലായാണ് ഈ ഭൂമി വികസിപ്പിക്കുക. ഇത് നിശ്ചിത വർഷങ്ങൾക്ക് ശേഷം ഭൂഉടമക്ക് തിരികെ നൽകും. റെസിഡൻഷ്യൽ അല്ലെങ്കിൽ കൊമേഴ്സ്യൽ സോണുകളായി വികസിപ്പിച്ചെടുത്ത ഭൂമിയിലെ ഏതെങ്കിലും ഒരു ഭാഗമാകും തിരികെ നൽകുക എന്നുമാത്രം.
സ്വാഭാവികമായി ഈ ഭൂമിയുടെ മൂല്യം പലമുടങ്ങായി ഉയർന്നിട്ടുണ്ടാകും. ഏറ്റവും ചുരുങ്ങിയത് 12 മടങ്ങ് വരെ സ്ഥലത്തിൻ്റെ മൂല്യം ഉയരാം എന്നാണ് ഇൻഫോപാർക്ക് അധികൃതർ നൽകുന്ന സൂചന. സ്ഥലം ഏറ്റെടുക്കലിന് പ്രദേശ വാസികളെ കൂടെ പങ്കാളികളാക്കുകയാണ് ലക്ഷ്യം. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച നിയമപരമായ പ്രശ്നങ്ങളും കാലതാമസവുമൊക്കെ ഒഴിവാക്കാനും ലാൻഡ് പൂളിങ്ങിനാകും. ഇൻഫോപാർക്കിന് ലാൻഡ് പൂളിങിന് അധികാരമില്ലാത്തതിനാൽ ജിസിഡിഎ ആയിരിക്കും മേൽനോട്ടം നൽകുക.
