രജിസ്റ്റര്‍ ചെയ്യാത്ത റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളില്‍ അംഗീകൃത ഏജന്റുമാര്‍ ഇടപെടരുത്; കെ-റെറ

  • ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഏജന്റ്മാരുടെ യോഗമാണ് നടന്നത്

Update: 2023-08-01 10:30 GMT

രജിസ്റ്റര്‍ ചെയ്യാത്ത റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളില്‍ രജിസ്റ്റേഡ് ഏജന്റുമാര്‍ ഇടപെടരുതെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ചെയര്‍മാന്‍ പി എച്ച് കുര്യന്‍. പ്ലോട്ടുകള്‍ തിരിച്ചു വില്‍ക്കുന്നത് ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാത്ത പ്രൊജക്റ്റുകളില്‍ രജിസ്റ്റേഡ് ഏജന്റുമാര്‍ ഇടപാടുകളില്‍ ഏര്‍പെടുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു. കെ-റെറ എറണാകുളം ബി ടി എച്ച് ഭാരത് ഹോട്ടലില്‍ സംഘടിപ്പിച്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രജിസ്റ്റേഡ് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ യോഗത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം നിര്‍ദേശിച്ചത്.

ഹൗസ് പ്ലോട്ടുകള്‍ വികസിപ്പിക്കുന്നതു മാത്രമല്ല, വാണിജ്യ-വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടി പ്ലോട്ട് വികസിപ്പിക്കുന്നതും റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്. അത്തരം രജിസ്ട്രേഷനുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ധാരാളമാണ്. കേരളത്തിലും ഈ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രൊജക്റ്റ് രജിസ്ട്രേഷനുകള്‍ വരണം. റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് വാങ്ങുന്നവനും വില്‍ക്കുന്നവനും തമ്മിലുള്ള വിശ്വാസ്യത കുറഞ്ഞു നില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് റെറ നിയമം നടപ്പില്‍ വരുന്നത്. ആ വിശ്വാസ്യതയിലെ വിടവ് നികത്താന്‍ കെ-റെറയ്ക്ക് സാധിച്ചിട്ടുണ്ട്. കെ-റെറ വെബ്സൈറ്റില്‍ കയറി പ്രൊജക്റ്റിന്റെ നിജസ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമേ അവ വില്‍ക്കാനായി ഇടനില നില്‍ക്കാവൂ എന്നും ചെയര്‍മാന്‍ ഏജന്റുമാരെ ഓര്‍മിപ്പിച്ചു.

റെറ നിയമം ഉപയോഗിച്ചു കൊണ്ട് ബിസിനസില്‍ എങ്ങനെ മുന്നേറാം എന്ന് ചിന്തിക്കേണ്ടത് ഏജന്റുമാരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കെപിബിആര്‍-കെഎംബിആര്‍ നിയമങ്ങളെക്കുറിച്ച് കെ-റെറ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി. പ്രദീപ് കുമാര്‍ സെമിനാര്‍ അവതരിപ്പിച്ചു. ആറു ജില്ലകളില്‍ നിന്നുമായി എണ്‍പതിലധികം ഏജന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു. കെ-റെറ മെമ്പര്‍ എംപി. മാത്യൂസ്, ഐടി ഹെഡ് രാഹുല്‍ ചന്ദ്രന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News