കേരളത്തിൻ്റെ ആയുർവേദ സമ്പദ്‌വ്യവസ്ഥ 60,000 കോടി രൂപയിലേക്ക്

കേരളത്തിൻ്റെ ആയുർവേദ സമ്പദ്‌വ്യവസ്ഥ വലിയ മുന്നേറ്റത്തിനൊരുങ്ങുന്നു. 2047 ഓടെ അഞ്ചുലക്ഷം കോടി രൂപയിലേക്ക്.

Update: 2025-10-31 10:17 GMT

കേരളത്തിലെ ആയുർവേദ സമ്പദ്‌വ്യവസ്ഥ 60,000 കോടി രൂപയിലേക്ക്. നിലവിലെ 15,000 കോടി രൂപയിൽ നിന്ന് കേരളത്തിന്റെ  2031-ഓടെ 60,000 കോടി രൂപയായി സമ്പദ്‌വ്യവസ്ഥ വളരുമെന്ന് സിഐഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ചെയർമാനും ധാത്രി ആയുർവേദ എംഡിയുമായ ഡോ. സജികുമാർ വ്യക്തമാക്കി. 2047-ഓടെ ഇത് 5 ലക്ഷം കോടി രൂപയിലെത്താൻ സാധ്യതയുണ്ട്.

ആയുർവേദം രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടുന്ന സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ആരോഗ്യ ശാസ്ത്രമായി വളർന്നു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. 5.6 ലക്ഷം കോടി ഡോളറാണ് ആഗോള വെൽനസ് സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ മൂല്യം.ആയുർവേദവും മെഡിക്കൽ ടൂറിസവും കേരളത്തെ ഈ രംഗത്തെ ആഗോള ഹബ്ബാക്കുമെന്നും ആധുനിക വൈദ്യവുമായി സമന്വയിപ്പിക്കാൻ പദ്ധതി വരുമെന്നും കേരള ഹെൽത്ത് ടൂറിസം ആൻഡ് ഗ്ലോബൽ ആയുർവേദ സമ്മിറ്റിൽ മന്ത്രി പി രാജീവും വ്യക്തമാക്കി.

ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും സമന്വയിപ്പിക്കണം

കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സമ്പൂർണ്ണ ആരോഗ്യ ടൂറിസം (ഹോളിസ്റ്റിക് വെൽനസ്) കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇത് ആയുർവേദ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരാൻ കാരണമാകുമെന്ന് പി രാജീവ് അറിയിച്ചു.

ഇന്ത്യൻ ആയുർവേദ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 43 ബില്യൺ ഡോളറാണ്. രാജ്യത്തിന്റെ ജിഡിപിയിലേക്ക് ആയുർവേദ മേഖലയുടെ സംഭാവന 2047-ഓടെ 5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും സംയോജിപ്പിച്ചുള്ള ലോകോത്തര ചികിത്സ നൽകുന്ന ഏക കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടേണ്ടതിൻ്റെ പ്രാധാന്യം ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ചികിത്സാ സൗകര്യങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം എന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News