കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോ-വര്‍ക്കിംഗ് സ്പേസ് ഇനി 'ലീപ് കോവര്‍ക്സ്'

  • സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് പ്രവേശിക്കാനുള്ള ഒരൊറ്റ ആക്‌സസ് പോയിന്റ്
  • ലീപ്പിലൂടെ ഫ്‌ലെക്സിബിള്‍ അംഗത്വ പദ്ധതികള്‍ അവതരിപ്പിക്കും
  • സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരുന്തോറും അവരുടെ പ്രവര്‍ത്തനങ്ങള്‍ വലുതാക്കാനുള്ള അവസരം

Update: 2023-08-03 07:18 GMT

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ്‍യുഎം) അതിന്റെ ഇന്‍കുബേഷന്‍ സെന്ററുകളെയും പങ്കാളിത്തമുള്ള ഇന്‍കുബേഷന്‍ സെന്ററുകളെയും ലീപ് കോവര്‍ക്‌സ് എന്ന് പുനര്‍ നാമകരണം ചെയ്യും.

സംരംഭകത്വ വികസനം, ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള കേരളസര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കേരള സ്‍റ്റാർട്ടപ്പ് മിഷന്‍. ലോഞ്ച്, എംപവര്‍ ആക്‌സിലേറ്റ്, പ്രോസ്പര്‍ എന്നിവയുടെ ചുരുക്കപ്പേരാണ് ലീപ്. സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാനും പുതുതായൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ലീപ് രൂപീകരിച്ചിട്ടുള്ളത്. ഇന്‍ഡസ്ട്രി ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്‌പേസുകളാക്കി മാറ്റുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഈ ദൗത്യത്തിന്റെ ഭാഗമെന്ന നിലയില്‍ പ്രാരംഭമായാണ് കെഎസ്‍യുഎം അതിന്റെ ഇന്‍കുബേഷന്‍ സെന്ററുകളെയും പാര്‍ട്‍ണര്‍  ഇന്‍കുബേഷന്‍ സെന്ററുകളെയും ലീപ് കോവര്‍ക്‌സ് എന്ന പേരില്‍ കോ-വര്‍ക്കിംഗ് സ്‌പേസാക്കി മാറ്റുന്നത്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകരുടെയും വിജയം സുഗമമാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് പുതിയ സ്പേസിലൂടെ  ലക്ഷ്യമിടുന്നതെന്ന് കെഎസ്‍യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. അത്യാധുനിക അടിസ്ഥാനസൗകര്യങ്ങള്‍, നന്നായി രൂപകല്‍പ്പന ചെയ്ത വര്‍ക്ക്പ്ലേസുകള്‍, മീറ്റിംഗ് റൂമുകള്‍ എന്നിവ കൂടാതെ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഉല്‍പ്പാദനക്ഷമമായ തൊഴില്‍ അന്തരീക്ഷത്തിന് ആവശ്യമായ മറ്റ് അവശ്യ സൗകര്യങ്ങളും ലീപ് കോവര്‍ക്‌സ് വാഗ്‍ദാനം ചെയ്യുന്നു.

മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, ബിസിനസ്സ് വികസന സഹായം, ഫണ്ടിംഗ് അവസരങ്ങളിലേക്കുള്ള പ്രവേശനം, വിദഗ്‍ധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയുള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിലയേറിയ ഇന്‍കുബേഷന്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ കെഎസ്‍യുഎം തുടര്‍ന്നും നല്‍കും. ഹോട്ട് ഡെസ്‌ക്കുകള്‍, ഡെഡിക്കേറ്റഡ് ഡെസ്‌ക്കുകള്‍, സ്വകാര്യ ഓഫീസ് സ്പെയ്സുകള്‍ എന്നിവയുള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകളുടെ വിവിധ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി ലീപ്പിലൂടെ ഫ്‌ലെക്സിബിള്‍ അംഗത്വ പദ്ധതികള്‍ അവതരിപ്പിക്കും.

ഈ അംഗത്വ പദ്ധതിയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരുന്തോറും അവരുടെ പ്രവര്‍ത്തനങ്ങള്‍ വലുതാക്കാനുള്ള അവസരമൊരുക്കും. കൂടാതെ, വിവിധ ഗ്രാന്റുകള്‍, സീഡ് വായ്പകള്‍, മാര്‍ക്കറ്റ് എന്നിവയുള്‍പ്പെടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വാഗ്ദാനം ചെയ്യുന്ന സ്‌കീമുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് അംഗത്വം സഹായിക്കും. സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് പ്രവേശിക്കാനുള്ള ഒരൊറ്റ ആക്‌സസ് പോയിന്റായി ലീപ് കോവര്‍ക്‌സ് മാറും.

സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, ഏഞ്ചല്‍ നിക്ഷേപകര്‍, വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് കെഎസ്‍യുഎം-ന്‍റെ  പ്രീമിയം സൗകര്യങ്ങളിലേക്ക് സമാനതകളില്ലാത്ത പ്രവേശനം ഈ അംഗത്വം ഉറപ്പു നല്‍കുന്നു.  പങ്കാളിത്തമുള്ള ഇന്‍കുബേഷന്‍ സെന്ററുകളിലേക്കു പ്രവേശനം നല്‍കുന്നതിനൊപ്പം എല്ലാ ലീപ് സെന്റര്‍ സൗകര്യങ്ങളിലേക്കും സബ്‍സിഡി നിരക്കിലുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യുമെന്ന് അനൂപ് അംബിക പറഞ്ഞു.

ലീപ് കോവര്‍ക്‌സ് അംഗത്വ വിതരണത്തിന്‍റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാനമന്ദിരത്തിന്റെയും  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

Tags:    

Similar News