കെഐഇഡി സമഗ്രപരിശീലന പരിപാടിയുടെ ഉദ്ഘാടനം ഈ മാസം 10 ന്
- വളര്‍ന്നു വരുന്ന സംരംഭകര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ അഞ്ച് ദിവസം നീളുന്ന ലോഞ്ച് പാഡ് പരിപാടിയുമുണ്ട്
സംസ്ഥാന വ്യവസായവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മന്റ് (കെഐഇഡി) നടത്തുന്ന സമഗ്ര സംരംഭകത്വ പരിശീലന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം പത്തിന് കളമശ്ശേരിയില്‍ നടക്കും. വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മുതല്‍ നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് വരെ പങ്കെടുക്കാം.
കെഐഇഡിയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത സംരംഭകരുടെ ഉത്പന്ന പ്രദര്‍ശനം, സുസ്ഥിര സംരംഭകത്വം, എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റലൈസേഷന്‍, ജെം, ഒഎന്‍ഡിസി തുടങ്ങിയ വിഷയങ്ങളില്‍ ഉപദേഷ്ടാക്കളും, വിദഗ്ധരുമായും സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
നാല് പരിശീലന പരിപാടികള്‍
നാല് പരിശീലന പരിപാടികളാണ് കെഐഇഡി പുതുതായി ആരംഭിക്കുന്നത്. വളര്‍ന്നു വരുന്ന സംരംഭകര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ അഞ്ച് ദിവസം നീളുന്ന ലോഞ്ച് പാഡ് പരിപാടിയില്‍ സംരംഭം ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകാനുള്ള വിദഗ്‌ധോപദേശം, പരിശീലനകളരികള്‍, വിജ്ഞാനയാത്രകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭം തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളെക്കുറിച്ചും ഈ പരിപാടിയിലൂടെ അവബോധം നല്‍കുന്നു.
നിലവില്‍ സംരംഭം നടത്തുന്നവര്‍ക്കായുള്ള അഞ്ച് ദിവസത്തെ പരിശീലന പരിപാടിയാണ് ഗ്രോത്ത് പ്ലസ്. സ്വന്തം സംരംഭത്തിന്റെ ഇനിയും ഉപയോഗിക്കാത്ത സാധ്യതകളെ കണ്ടെത്തുക, വിദഗ്ധരുടെ ഉപദേശത്തോടെ വ്യക്തിഗതമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുക, പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അത്യാധുനിക സാങ്കേതികവിദ്യയുമായി സ്വന്തം ബിസിനസ് സമന്വയിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ``ടെക് ഹൊറൈസണ്‍സ്'' എന്ന ത്രിദിന പരിപാടി. പുത്തന്‍ സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം അവ സ്വന്തം സ്ഥാപനത്തില്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സഹകരണവും ഇതിലൂടെ നല്‍കുന്നു. വിപണി സാന്നിദ്ധ്യം വര്‍ധിപ്പിക്കാനും മികച്ച പരസ്യതന്ത്രങ്ങള്‍ അവലംബിക്കാനും സംരംഭകരെ പ്രാപ്തരാക്കുന്ന ത്രിദിന പരിശീലനപരിപാടിയാണ് മാര്‍ക്കറ്റ് മിസ്ട്രി. ഉപഭോക്തൃ സേവനം, ആശയവിനിമയ പ്രാവീണ്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കളമശേരി നഗരസഭാധ്യക്ഷ സീമാ കണ്ണന്‍ ആധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ വ്യവസായ വാണിജ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, ടെക്‌നോപാര്‍ക്ക് സിഇഒ സന്‍ജീവ് നായര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബഷീര്‍ ഐഎംബ്രാത്, വ്യവസായ വാണിജ്യ വകുപ്പ് അഡി. ഡയറക്ടര്‍മാരായ ഡോ. കെ എസ് കൃപകുമാര്‍, രാജീവ് ജി, എംഎസ്എംഇ -ഡിഐ ഡയറക്ടര്‍ ഇന്‍-ചാര്‍ജ്ജ് ജി എസ് പ്രകാശ്, എറണാകുളം ജില്ലാവ്യവസായ കേന്ദ്രം മാനേജര്‍ പി എ നജീബ്, സിഡ്ബി ഡെ. ജനറല്‍ മാനേജര്‍ കെ വി കാര്‍ത്തികേയന്‍, ടൈ കേരള പ്രസിഡന്റ് ദാമോദര്‍ അവനൂര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. കെഐഇഡി സിഇഒ ബെനഡിക്ട് വില്യം ജോണ്‍സ് സ്വാഗതവും ഡെപ്യൂട്ടി മാനേജര്‍ പി ജെ ജോസഫ് നന്ദിയും പ്രകാശിപ്പിക്കും.
