കൊച്ചി; ഇത് മാലിന്യ സംസ്കരണത്തിൻ്റെ 'ദുർഗന്ധം വമിക്കുന്ന' മാതൃക

കൊച്ചിയിലെ ഉയരുന്ന ജനസാന്ദ്രതക്ക് അനുസരിച്ച് ഏറ്റവും പ്രാധാന്യത്തോടെ പരിഹാരം കാണേണ്ട വിഷയമാണ് മാലിന്യ സംസ്കരണം.

Update: 2025-11-15 10:41 GMT

സംസ്ഥാനത്തിൻ്റെ വാണിജ്യ തലസ്ഥാനമാണ്. കൊച്ചി മെട്രോപോളിറ്റൻ ഏരിയയിലെ ജനസംഖ്യ 20 ലക്ഷത്തിലേറെ. മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ മാത്രം ആറു ലക്ഷത്തിലധികം പേരുണ്ടെന്നാണ് കണക്കുകൾ. ഇതൊന്നും കൂടാതെ ബിസിനസ് ആവശ്യങ്ങൾക്കും ജോലിക്കും മറ്റുമായി ദിവസേന കൊച്ചി നഗരത്തിൽ വന്നുപോകുന്നത് ആയിരക്കണക്കിന് ആളുകളാണ്.

കുതിച്ചുയരുന്ന പ്രീമിയം റിയൽ എസ്റ്റേറ്റ് മാർക്കറ്റ്, ലോകോത്തര നിലവാരത്തിലെ ബിസിനസ് സെൻ്ററുകളും കോ വർക്കിങ് സ്പേസുകളും.ഒട്ടേറെ പഞ്ച നക്ഷത്ര ഹോട്ടലുകൾ. പ്രീമിയം വെൽനസ് സൗകര്യങ്ങളും ഹെൽത്ത് ക്ലബുകളും എടുത്ത് പറയണം. നിരവധി റെസ്റ്റോറൻ്റുകളുടെയും ഓട്ടോമൊബൈൽ വ്യവസായത്തിൻ്റെയുമൊക്കെ കേന്ദ്രമായ ന​ഗരത്തിൽ ,മനസ് കുളി‍ർപ്പിക്കുന്ന പ്രീമിയം പേഴ്സണൽ കെയർ, ഹെൽത്ത് കെയർ സേവനങ്ങളൊക്കെ ഇപ്പോൾ ഒറ്റ ഫോൺ കോളിൽ  വീട്ടിൽ ലഭ്യമാണ്. 

വലിയ വികസന സാധ്യതകളുമായി ഒട്ടേറെ സഞ്ചാരികളെ ആക‍ർഷിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന കൊച്ചിയുടെ ഒരു മുഖമാണിത്.  ഇനി ഇതേ കൊച്ചിക്ക് വേറൊരു മുഖമുണ്ട്. മാറുന്ന കൊച്ചിയുടെ ആവശ്യങ്ങൾക്കനുസരിച്ച് നടപ്പാക്കാത്ത ന​ഗരാസൂത്രണത്തിൻ്റെയും ദു‍ർ​ഗന്ധം വമിക്കുന്ന മാലിന്യ സംസ്കരണത്തിൻ്റെയുമൊക്കെ പോരായ്മകൾ ലോകത്തെ വിളിച്ചറിയിക്കുന്ന  മുഖം.

വേണം ശാസ്ത്രീയമായ മാലിന്യ സംസ്കരണ മാതൃകകൾ

ന​ഗരം തിരക്കുകളിലേക്ക് ഉണ‍ർന്ന് തുടങ്ങുന്ന പല പ്രഭാതങ്ങളിലും റോഡുകളിലൂടെ സഞ്ചരിക്കുന്നവരെ അലോസരപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്. തിരക്കേറിയ വഴികളിലൂടെ മാലിന്യവുമായി പായുന്ന തുറന്ന വാഹനങ്ങൾ. ദു‍ർ​ഗന്ധം വമിക്കുന്ന മാലിന്യങ്ങൾ ഒരു ടർപോളിൻ ഷീറ്റു കൊണ്ടുപോലും മൂടാതെ ഇത്തരത്തിൽ കൊണ്ടുപോകുന്നത് എത്രയോ അസഹനീയമാണ്. കുട്ടികളും പ്രായമായവ‍രും ​ഗ‍ർഭിണികളും ഉൾപ്പെടെ റോഡുമാ‍ർ​ഗം യാത്ര ചെയ്യുന്നവ‍ർക്കെല്ലാം ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം.

ചില വണ്ടികളിൽ നിന്ന് റോഡിലേക്ക് തെറിക്കുന്ന അവശിഷ്ടങ്ങളുടെ അടയാളങ്ങൾ റോഡിലപ്പാടെ മണിക്കൂറുകൾ തെളിഞ്ഞുനിൽക്കും. മാലിന്യം പേറുന്ന വണ്ടി പോയാൽ പിന്നെ മൂക്കുപൊത്താതെ ആ‍ർക്കും ആ വഴിയെങ്ങും പോകാൻ വയ്യാത്ത അവസ്ഥ.  ഉയ‍ർന്ന ജനസാന്ദ്രതയുള്ള ഇടങ്ങളിൽ സ്ഥലപരിമിതിയുള്ളതിനാൽ മിക്കവ‍ർക്കും കോ‍ർപ്പറേഷൻ്റെ  മാലിന്യസംസ്കരണ സംവിധാനങ്ങളെ  ആശ്രയിക്കേണ്ടി വരും.  മുനിസിപ്പൽ കോ‍ർപ്പറേഷൻ പരിധിയിലുള്ള ചില ഇടങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് വീടുകളിലെത്തി ജൈവമാലിന്യം ശേഖരിക്കുന്നത്.

നിത്യേന സംസ്കരിക്കേണ്ട ​ഗാ‍ർഹിക മാലിന്യങ്ങൾ ആഴ്ചയിൽ രണ്ട് ദിവസം മാത്രമെത്തി ശേഖരിക്കുന്നതിനാൽ അസഹനീയമായ ദു‍ർ​ഗന്ധമുളവാകും. ഈ മാലിന്യം തുറന്ന വണ്ടികളിൽ കൊണ്ടുപോകുക കൂടെ ചെയ്താലോ? ജൈവ മാലിന്യങ്ങൾ വിഘടിക്കുന്നത് വിഷവാതകങ്ങൾ പുറത്ത് വരാൻ കാരണമാകും. ഇത് ആളുകൾക്ക് ശ്വസന പ്രശ്നങ്ങളും ഓക്കാനവും, തലവേദനയുമൊക്കെയുണ്ടാക്കും.  മാലിന്യങ്ങൾ പ്രത്യേകിച്ച് പഴകിയ ജൈവമാലിന്യങ്ങൾ വൃത്തിയായി അടച്ചുറപ്പുള്ള വാഹനങ്ങളിൽ   കൊണ്ടുപൊയ്ക്കൂടേ?

ഇതിനായി വലിയ ​ഗാ‍ർബേജ് കോംപാക്ട‍ർ ട്രക്കുകളുടെയൊന്നും ആവശ്യമില്ല. നിലവിലെ വാഹനങ്ങളിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാം. ഇനി  അതിനും പണമില്ലെങ്കിൽ ട‍ർപോളിൻ ഷീറ്റ് വാങ്ങി ഇവ മറച്ച് വൃത്തിയായി കൊണ്ടുപോകുന്നുണ്ടെന്നെങ്കിലും ഉറപ്പാക്കാവുന്നതല്ലേ? ജനങ്ങളെ ഉപദ്രവിക്കുന്ന

ന​ഗരാസൂത്രണ മാതൃകകളല്ലല്ലോ ജനങ്ങൾക്ക് വേണ്ടിയുള്ള മാതൃകകളല്ലേ നമുക്ക് വേണ്ടത്. പ്രത്യേകിച്ച് കൊച്ചി പോലുള്ള മെട്രോപോളിറ്റൻ നഗരങ്ങളിൽ.

അറവുമാലിന്യങ്ങൾ നിറയുന്ന കനാലുകൾ

അതുപോലെ അറവുമാലിന്യങ്ങൾ പ്രത്യേകിച്ച് ചിക്കൻ വേസ്റ്റ്, റോഡ് സൈഡിലും കനാലിലും തോടുകളിലുമൊക്കെ കൊണ്ടൊഴുക്കുന്ന പ്രവണതയുണ്ട്. തെരുവുനായകളുടെ കേന്ദ്രം കൂടെയാണ് വഴിയരികിലെ ഇത്തരം ഇടങ്ങൾ. തോടുകളും പുഴകളും റോഡുകളുമൊന്നും അറവുമാലിന്യങ്ങൾ തള്ളാനുള്ള ഇടങ്ങളല്ല. അർഹിക്കുന്ന പ്രാധാന്യത്തോടെ ഇവ സംരക്ഷിക്കപ്പെടണം.

ശക്തമായി രണ്ട് മഴ പെയ്താൽ ന​ഗരത്തിലെ പല റോഡുകളും വെള്ളക്കെട്ടാകും. ഓടകളും കനാലുകളും നിറഞ്ഞ് കവിയും. മലിനജലം കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങളൊന്നും ഇവിടെ ഇല്ല താനും.  ഇവയെ കുറിച്ചൊക്കെ തൽക്കാലം മിണ്ടാതിരിക്കാം. പക്ഷേ  മാലിന്യ പ്രശ്നങ്ങൾക്ക് എത്രയും വേഗം അധികൃതർ  പരിഹാരം കാണേണ്ടതാണ്. അതുപോലെ ഖര മാലിന്യങ്ങൾ വേർതിരിക്കുന്നതിന്  പൊതുഇടങ്ങൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കിയേ തീരൂ. കൊതുകിൻ്റെയും ഈച്ചകളുടെയും പ്രാണികളുടെയുമൊക്കെ കേന്ദ്രമാണ് ചില വഴിയോര പ്രദേശങ്ങൾ.  ജനസാന്ദ്രത കൂടുന്തോറും ഈ  പ്രശ്നം കൂടുതൽ വഷളാകും.

സമയബന്ധിതമായി മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കേണ്ടത് കൊച്ചിപോലുള്ള  ന​ഗരങ്ങളിൽ  അത്യാവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും അധികാരികളുടെ ശ്രദ്ധ പതിയേണ്ട ഒരു വിഷയമാണിത്. ദു‍ർ​ഗന്ധം വമിക്കുന്ന തുറന്ന 'മാലിന്യവണ്ടി'കൾ കൊച്ചിയിൽ എന്നല്ല കേരളത്തിലെ ഒരു റോഡുകളിലൂടെയും പായാതിരിക്കട്ടെ..

Tags:    

Similar News