ഹൈക്കോർട്ടിൽ നിന്നും ചിറ്റൂരിലേക്ക് ഇനി വാട്ടർ മെട്രോയിൽ സഞ്ചരിക്കാം
- ഹൈക്കോർട്ട് ജംഗ്ഷൻ- സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസാണ് ഉടൻ ആരംഭിക്കുന്നത്
- രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവ്വീസ് വീതം തുടങ്ങാനാണ് തീരുമാനം
- ഏലൂർ, ചേരാനെല്ലൂർ റൂട്ടിലും സർവീസ് ആരംഭിക്കും
കൊച്ചി വാട്ടർ മെട്രോ കൂടുതൽ ടെര്‍മിനലുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസാണ് ഉടൻ ആരംഭിക്കാൻ പോകുന്നത്.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവ്വീസ് വീതം തുടങ്ങാനാണ് തീരുമാനം. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് ഇനി നൽകാനുള്ള ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഏലൂർ, ചേരാനെല്ലൂർ റൂട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്യും.
വാട്ടർ മെട്രോക്ക് ലഭിക്കാനുള്ള 11 ബോട്ടുകൾ വേഗത്തിൽ നൽകുന്നതിനായി കൊച്ചിൻ ഷിപ്പ് യാർഡ് ചീഫ് മാനേജിംഗ് ഡയറക്ടറുമായി നേരിട്ട് ചർച്ച നടത്തുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് 20 രൂപയാണ്. സ്ഥിരം യാത്രക്കാർക്കായി പ്രതിവാര- പ്രതിമാസ പാസ്സുകളും ലഭ്യമാണ്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാൻ കഴിയും.
പ്രവർത്തനമാരംഭിച്ച് മാസങ്ങൾക്കകം തന്നെ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കൊച്ചി വാട്ടർ മെട്രോ ശ്രദ്ധയാകർഷിച്ചിരുന്നു.
