കോട്ടയം തുറമുഖം വികസിപ്പിക്കുമെന്ന് മന്ത്രി വാസവന്‍

  • കണ്ടയിനര്‍ ഗതാഗതം സുഗമമാവും
  • ഗതാഗതം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ബാര്‍ജുകള്‍ കൊണ്ടുവരും
  • സംസ്ഥാന സര്‍ക്കാരിന് തുറമുഖത്തില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്

Update: 2024-01-10 08:15 GMT

സംസ്ഥാനത്തെ കണ്ടയിനര്‍ ഗതാഗതം സുഗമമാക്കാന്‍ കോട്ടയത്തെ തുറമുഖം വികസിപ്പിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. വിഴിഞ്ഞം പോര്‍ട്ട് വഴിയുള്ള അന്താരാഷ്ട്ര കണ്ടയിനര്‍ ചരക്ക് നീക്കം ആരംഭിച്ചതോടെ ലഭിച്ച അവസരങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം തുറമുഖത്തിന്റെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അടുത്തിടെയാണ് വി എന്‍ വാസവന്‍ തുറമുഖ വകുപ്പിന്റെ ചുമതല ഏറ്റെടുത്തത്. തുറമുഖവും ഇന്‍ലാന്‍ഡ് കണ്ടെയിനര്‍ ടെര്‍മിനലും സന്ദര്‍ശിച്ച മന്ത്രി ഈ തുറമുഖത്തെ മാരിടൈം ബോര്‍ഡിനു കീഴില്‍ കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും അഭിപ്രായപ്പെട്ടു.

കണ്ടെയിനര്‍ ഗതാഗതം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ബാര്‍ജുകള്‍ കൊണ്ടുവരുമെന്നും. നിലവിലെ വിലയിരുത്തലനുസരിച്ച് തുറമുഖത്തിന് പ്രതിമാസം 1000 മുതല്‍ 2000 വരെ കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 2023 ഡിസംബര്‍ വരെ 621.09 കോടി രൂപയുടെ 5.54 ലക്ഷം ടണ്‍ ചരക്കുകളാണ് തുറമുഖം വഴി കൈകാര്യം ചെയ്തത്. കൂടാതെ കസ്റ്റംസ് വരുമാനയിനത്തില്‍ 81.28 കോടി രൂപയും ജിഎസ്ടി ഇനത്തില്‍ മൂന്ന് കോടി രൂപയും ശേഖരിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന് തുറമുഖത്തില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ബാക്കിയുള്ള 51 ശതമാനം ഓഹരി പങ്കാളിത്തം സ്വകാര്യ വ്യക്തികളുടെ പക്കലാണ്. കുമരകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിക്കുന്നതിനായി വിദഗ്ധരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം മന്ത്രിയോടൊപ്പം കുമരകത്തും ചീപ്പുങ്കലിലും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കുമരകത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുമെന്നും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Tags:    

Similar News