മണ്‍സൂണ്‍ പാക്കേജുമായി ആനവണ്ടിയെത്തി; അപ്പോ എങ്ങനെയാ, പോയാലോ?

  • കോഴിക്കോട്, കണ്ണൂര്‍, കൊല്ലം ഡിപ്പോകള്‍ ഇതിനോടകം പാക്കേജുകള്‍ പ്രാഖ്യാപിച്ച് കഴിഞ്ഞു.
  • വരുമാനത്തില്‍ ഒന്നാമന്‍ കണ്ണൂര്‍ ഡിപ്പോ

Update: 2023-06-06 06:30 GMT

മണ്‍സൂണ്‍ ഇന്നോ നാളെയോ എന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് നമ്മള്‍. എന്നാല്‍ മണ്‍സൂണിന്റെ വരവിന് മുന്നേ നമ്മുടെ ആനവണ്ടി ടീം അടിപൊളി മണ്‍സൂണ്‍ പാക്കേജുക്കള്‍ തയ്യാറാക്കി കഴിഞ്ഞു. കെഎസ്ആര്‍ടിസിയ്ക്ക് കീഴില്‍ ഏറെ ജനകീയമായ ബജറ്റ് ടൂറിസം സെല്ലാണ് മണ്‍സൂണിലെ മഴനനഞ്ഞ യാത്രകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കൊല്ലം ഡിപ്പോകള്‍ ഇതിനോടകം പാക്കേജുകള്‍ പ്രാഖ്യാപിച്ച് കഴിഞ്ഞു.

കോഴിക്കോട് നിന്ന് ഈ മാസം ഒന്‍പത്, 16, 23, 30 തിയതികളില്‍ അതിരപ്പള്ളി, മൂന്നാര്‍ എന്നിവിടങ്ങളിലേയ്ക്ക് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. യാത്രയും താമസവും ഉള്‍പ്പടെ ഒരാള്‍ക്ക് 2220 രൂപയാണ് ഈടാക്കുക. കൂടാതെ നാളെയും ഈ മാസം 10, 14, 17 തിയതികളിലായി കൊട്ടിയൂരിലേയ്ക്കും വിനോദയാത്ര ട്രിപ്പുണ്ട്. കൊട്ടിയൂരില്‍ ഈ ഉത്സവ സമയമായതിനാല്‍ മികച്ച കളക്ഷന്‍ നേടാനാകുമെന്ന പ്രതീക്ഷ കെഎസ്ആര്‍ടിസി ബജറ്റ് സെല്ലിനുണ്ട്. രാവിലെ നാല് മണിക്ക് ആരംഭിച്ച് രാത്രി 10 ന് തിരിച്ചെത്തുന്ന തരത്തിലാണ് ഈ സര്‍വീസ്. കോഴിക്കോട് നിന്ന് ഈ മാസം 13 , 29 തിയതികളിലായി നടത്തുന്ന ഗവി യാത്രയ്ക്ക യാത്രയും താമസവും ഉള്‍പ്പെടെ 3400 രൂപയാണ് നിരക്ക്.

കോഴിക്കോട് ഡിപ്പോയില്‍ നിന്നും വയനാട്, മൂകാംബിക, മലക്കപ്പാറ, നെല്ലിയാമ്പതി, പാലക്കയം തട്ട്, പൈതല്‍മല തുടങ്ങി നിരവധി സ്ഥലങ്ങളിലേയ്ക്ക വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്. ബുക്കിംഘിനായി രാവിലെ ഒന്‍പത് മുതല്‍ രാത്രി 9.30 വരെ 9544477954, 9846100728 എന്നീ രണ്ട് നമ്പറുകളിലേയ്ക്ക് നേരിട്ടും വാട്‌സാപ്പ് വഴിയും ബന്ധപ്പെടാവുന്നതാണ്.

വരുമാനത്തില്‍ ഒന്നാമന്‍ കണ്ണൂര്‍ ഡിപ്പോ

ബജറ്റ് ടൂറിസത്തിലൂടെ വന്‍ നേട്ടമുണ്ടാക്കിയ ഡിപ്പോ കണ്ണൂരാണ്. ഏതാണ്ട് ആറോളം ഉല്ലാസയാത്രകളാണ് കണ്ണൂര്‍ ഡിപ്പോ സജ്ജമാക്കിയിരിക്കുന്നത്.

വയനാട്ടിലേയ്ക്ക് രണ്ട് പാക്കേജുകള്‍ കണ്ണൂരില്‍ നിന്നും നല്‍കുന്നുണ്ട്. ആദ്യത്തേത് 1180 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണവും പ്രവേശന ചാര്‍ജും ഉള്‍പ്പെടം. രണ്ടാമത്തേത്, സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാര്‍ക്ക്, കാനനസവാരി എന്നിവ ഉള്‍പ്പെടുത്തിയ പാക്കേജാണ്. ഒരാള്‍ക്ക് 2350 രൂപയാണ് ഈ ട്രിപ്പിലെ ചാര്‍ജ്. സെമി സ്ലീപ്പര്‍ സൂപ്പര്‍ എക്സ്പ്രസ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. രാവിലെ 5.45ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ മൂന്നിന് കണ്ണൂരില്‍ തിരിച്ചെത്തും.

കണ്ണൂരില്‍ നിന്നും ഈ മാസം ഒന്‍പതിന് വൈകീട്ട് നാലിന് പുറപ്പെട്ട് മൂന്നാര്‍ ചതുരംഗപാറ വ്യൂപോയിന്റ്, പൊന്മുടി ഡാം, ആനയിറങ്ങല്‍ ഡാം, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിച്ച് ജൂണ്‍ 12ന് കണ്ണൂരില്‍ തിരിച്ചെത്തുന്ന യാത്രയ്ക്ക് ഭക്ഷണം ഇല്ലാതെ ഒരാള്‍ക്ക് 2960 രൂപയാണ് ചാര്‍ജ്.

പുലര്‍ച്ചെ 5.45ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് രാത്രി 8.30ഓടെ തിരിച്ചെത്തുന്ന റാണിപുരം ഹില്‍സ്റ്റേഷന്‍, ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച് എന്നിവയാണ് പാക്കേജാണ് മറ്റൊന്ന്. ഭക്ഷണവും പ്രവേശനനിരക്കും ഉള്‍പ്പെടെ ഒരാള്‍ക്ക് 920 രൂപയാണ് ഈടാക്കുക.

പൈതല്‍മല, പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവയാണ് പൈതല്‍മല പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഭക്ഷണവും പ്രവേശന ചാര്‍ജും ഉള്‍പ്പെടെ ഒരാള്‍ക്ക് 830 രൂപയാണ് ചാര്‍ജ്. രാവിലെ ആറിന് പുറപ്പെട്ട് രാത്രി 8.30ന് കണ്ണൂരില്‍ തിരിച്ചെത്തുന്നതാണ് ഈ ട്രിപ്പ്.

വാഗമണ്‍ പൈന്‍വാലി ഫോറസ്റ്റ്, അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങിയവയും ക്യാമ്പ് ഫയറും ഉള്‍പ്പെടുന്ന പാക്കേജില്‍ ഭക്ഷണവും താമസവും ഉള്‍പ്പെടെ ഒരാള്‍ക്ക് 4100 രൂപയാണ് നിരക്ക്. ഈ മാസം 16ന് വൈകീട്ട് ഏഴ് മണിക്ക് പുറപ്പെട്ട് 19ന് രാവിലെ കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്.

കൊല്ലം ഡിപ്പോ

സമ്മര്‍ യാത്രകളിലും റെക്കോര്‍ഡ് നേട്ടം കൈക്കലാക്കാന്‍ ബജറ്റ് സെല്ലിന് സാധിച്ചിട്ടുണ്ട്. കൊല്ലം ഡിപ്പോ മാത്രം ഏതാണ്ട് 27 ലക്ഷം കോടി രൂപ സമ്മര്‍ പാക്കേജുകളിലൂടെ നേടിയിട്ടുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളിലൂടെ 48 ട്രിപ്പുകളിലിലായി 1200 പേര്‍ കൊല്ലം ഡിപ്പോയുടെ സമ്മര്‍ പാക്കേജില്‍ പങ്കാളികളായിട്ടുണ്ട്. വിജയകരമായ സമ്മര്‍ യാത്രകള്‍ക്ക് ശേഷം ഈ മാസം 18, 24, 28 തിയതികളില്‍ കൊല്ലം ഡിപ്പോ ഗവിയിലേക്ക് ട്രിപ്പുകള്‍ നടത്തും.

ജൂണ്‍ 10ന് മൂന്നാര്‍, വാഗമണ്‍, റോസ്മല ട്രിപ്പുകളും പ്ലാന്‍ ചെയ്തിട്ടുണ്ട്.പ്രവേശന ഫീസ്, ഉച്ചഭക്ഷണം, ബോട്ടിംഗ് എന്നിവ ഉള്‍പ്പെടെ 1,650 രൂപയാണ് പാക്കേജ് ചെലവ്.

രണ്ടു ദിവസത്തെ മൂന്നാര്‍ യാത്രയ്ക്ക് താമസവും ടിക്കറ്റും ഉള്‍പ്പെടെ 1,450 രൂപ. ജൂണ്‍ 11, 25 തിയതികളില്‍ നിശ്ചിയച്ച ഒരു ദിവസത്തെ വാഗമണ്‍ ട്രിപ്പിന് ഒരാള്‍ക്ക് 1,020 രൂപയാണ് നിരക്ക്.

കൂടാതെ പൊന്‍മുടി, റോസ്മല എന്നിവിടങ്ങളിലേക്കുള്ള ഈ മാസം 11 ലെ മണ്‍സൂണ്‍ ട്രിപ്പുകള്‍ക്ക് രണ്ടിനും 770 രൂപയാണ് പാക്കേജ് നിരക്ക്. മാത്രമല്ല 570 രൂപയ്ക്ക് ആഴിമല-ചെങ്കല്‍, കുംഭാവുരുട്ടി-കോന്നി ട്രിപ്പുകളും ഡിപ്പോ സംഘടിപ്പിക്കും.

കൊല്ലം ഡിപ്പോയില്‍ നിന്നുള്ള ബുക്കിംഗിന് 9747969768, 9447721659, 9496110124 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News