വിറ്റുവരവിൽ കുതിപ്പുമായി കേരള ചിക്കൻ

Update: 2025-05-07 09:35 GMT

105.63 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവോടെ കുടുംബശ്രീ കേരള ചിക്കൻ പ്രോജക്ട് 100 കോടി ക്ലബ്ബിൽ എത്തി. 2024-25 സാമ്പത്തിക വർഷത്തിലെ  വിറ്റുവരവിലാണ് കുടുംബശ്രീ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. പദ്ധതി ആരംഭിച്ച 2019 മുതൽ  ഇതുവരെ 357 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു.

കേരളത്തിലെ 11 ജില്ലകളിലായി നിലവിൽ കുടുംബശ്രീ കേരള ചിക്കൻ പ്രോജക്ട് നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 450 ബ്രോയിലർ ഫാമുകളും 139 ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഈ പദ്ധതിയിൽ അംഗങ്ങളായ എഴുനൂറോളം ഗുണഭോക്താക്കൾക്ക് മുഴുവൻ വിറ്റുവരവ് വരുമാനവും ലഭിക്കും. 2019-ലാണ് കേരളത്തിൽ കേരള ചിക്കൻ പ്രോജക്ട് ആരംഭിച്ചത്. തുടക്കം മുതൽ തന്നെ ഗുണഭോക്താക്കൾക്ക് ആകർഷകമായ വരുമാനം ഉറപ്പാക്കാൻ കഴിഞ്ഞുവെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒരു ഔട്ട്‌ലെറ്റ് നടത്തുന്ന ഗുണഭോക്താവിന് പ്രതിമാസം ശരാശരി 89,000 രൂപ വരുമാനം ലഭിക്കുന്നു. ഇതുവരെ, ഈയിനത്തിൽ ഗുണഭോക്താക്കൾക്ക് 45.40 കോടി രൂപ ലഭിച്ചു.

കോഴി കർഷകരും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഫാം ഇന്റഗ്രേഷൻ വഴി കർഷകർക്ക് രണ്ട് മാസത്തിലൊരിക്കൽ 50,000 രൂപ വരുമാനം ലഭിക്കുന്നു. ഇതുവരെ, ഇന്റഗ്രേഷൻ വഴി മാത്രം കർഷകർക്ക് 33.19 കോടി രൂപ ലഭിച്ചു. ശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ന്യായമായ വിലയ്ക്ക് നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കുടുംബശ്രീ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. കുടുംബശ്രീ വനിതകൾക്ക് മികച്ച തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണമേന്മയുള്ള കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകുക, ഗാർഹിക ഉപഭോഗത്തിന് ആവശ്യമായ കോഴിയിറച്ചിയുടെ പകുതിയെങ്കിലും ഉത്പാദിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.

പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് 'കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ കുടുംബശ്രീ ഫ്രോസൺ ചിക്കൻ കറി കട്ടുകൾ പുറത്തിറക്കി. നിലവിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഈ ഉൽപ്പന്നം ലഭ്യമാണ്. ഈ വർഷം, പദ്ധതി ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലേക്കും വ്യാപിപ്പിക്കും..

Tags:    

Similar News