നേരിട്ട് മന്ത്രിയെ കണ്ടു; യുവ സംരംഭകയുടെ പ്രതിസന്ധിക്ക് ഒറ്റ ദിവസത്തില്‍ പരിഹാരം

  • 22 -ാം വയസില്‍ 35 പേര്‍ക്ക് അന്‍സിയ തൊഴില്‍ നല്‍കുന്നു
  • ചില അനുമതികളുമായി ബന്ധപ്പെട്ടാണ് പ്രതിസന്ധി നേരിട്ടത്
  • മന്ത്രി രാജീവുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്നാണ് ആവശ്യപ്പെട്ടത്

Update: 2023-07-19 10:36 GMT

22 വയസ് മാത്രം പ്രായമുള്ള സംരംഭക നേരിട്ട പ്രതിസന്ധിക്ക് വ്യവസായ മന്ത്രിയുടെ ഇടപെടലിലൂടെ ഒറ്റ ദിവസത്തില്‍ പരിഹാരം. ഉമ്മീസ് നാച്ചുറല്‍സ് (Ummees Naturals) ഉടമ അൻസിയയാണ് മന്ത്രി പി. രാജീവിനെ നേരിട്ട് കണ്ട് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയത്. തന്‍റെ സ്ഥാപനവുമായി ബന്ധപ്പെട്ട ചില അനുമതികളിലുള്ള പ്രശ്നത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെയാണ് അൻസിയ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. ഒരുഘട്ടത്തില്‍ സംരംഭം അവസാനിപ്പിക്കുന്നതിനെ കുറിച്ചു പോലും ചിന്ത്രിച്ച അന്‍സിയ അവസാന ആശ്രയമെന്ന നിലയില്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. 

മന്ത്രി തന്നെ നേരിട്ട് വിഷയം കേൾക്കണമെന്ന ആവശ്യമാണ് അൻസിയ ഉന്നയിച്ചത്. മന്ത്രി അതിന് തയ്യാറാകുകയും അൻസിയ ഓഫീസിൽ വരികയും ചെയ്തു. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച മന്ത്രി പ്രശ്നപരിഹാരം സാധ്യമാക്കണമെന്ന നിർദേശം നൽകുകയും ചെയ്തു. ഒരു ദിവസം പോലുമെടുക്കാതെ അൻസിയയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. 

"സർക്കാർ കൂടെയുണ്ട് എന്ന ആത്മവിശ്വാസം ഒരു സംരംഭകയ്ക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് അഭിമാനകരമായ ഒരു നേട്ടമായിട്ടാണ് ഞങ്ങൾ കാണുന്നത്. കൂടുതൽ സംരംഭകർക്ക് ഇത് പ്രചോദനമാകുമെന്നും ഞങ്ങൾക്കുറപ്പുണ്ട്," മന്ത്രി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. 

പ്രത്യേകിച്ച് ബിസിനസ് പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അന്‍സിയ സ്വന്തമായി ആരംഭിച്ച സംരംഭത്തിലൂടെ 35 പേർക്ക് തൊഴിൽ നൽകുന്നുണ്ട്, അതിൽ മുപ്പതോളം പേരും വനിതകളാണ്. പാലക്കാട് മേപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമ്മീസിന്  ഒന്നരക്കോടിയോളം രൂപയുടെ വിറ്റുവരവുണ്ട്. ആയുർവേദ സൗന്ദര്യവർധക വസ്തുക്കളുടെ നിർമിക്കുന്ന ഉമ്മീസിനെ കൂടുതല്‍ മികവോടെ മുന്നോട്ടു നയിക്കാനാകും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ അന്‍സിയക്കുള്ളത്. 

Tags:    

Similar News