സംസ്ഥാനത്തെ 250 എംഎസ്എംഇകള്‍ക്ക് പിന്തുണയുമായി സിഐഐ
- സിഐഐക്ക് ദക്ഷിണേന്ത്യയില്‍ ഇതിനകം അഞ്ച് മികവിന്റെ കേന്ദ്രങ്ങളുണ്ട്
കേരളത്തിലെ 250 സൂക്ഷമ, ചെറുകിട, ഇടത്തരം, സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) പിന്തുണയുമായി കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി.
കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളെ വരും വര്‍ഷങ്ങളില്‍ എംഎസ്എംഇകളെ പിന്തുണക്കുന്നതിനുള്ള ഫോക്കസ് ഏരിയകളായി തിരിച്ചതായി സിഐഐ ദക്ഷിണ മേഖലാ ചെയര്‍മാന്‍ കമാല്‍ ബാലി പറഞ്ഞു.
രാജ്യത്തെ ഉത്പാദന മേഖലയുടെ ഭൂരിഭാഗം കയ്യടക്കിയിരിക്കുന്നത് എംഎസ്എംഇകളാണെന്നും എന്നാല്‍ ഉയര്‍ച്ചയുമായി ബന്ധപ്പട്ട പ്രശ്‌നങ്ങള്‍ എംഎസ്എംഇകള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് സംരംഭത്തിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടുന്നതിന് സിഐഐയുടെ പിന്തുണ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയുര്‍വേദം, ടൂറിസം, ഹോസ്പിറ്റാലിറ്റി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കേരളത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് സിഐഐ ശ്രമിക്കുന്നത്. ഈ വര്‍ഷാവസാനം നടക്കുന്ന ആയുര്‍വേദ ഉച്ചകോടി ഈ മേഖലയില്‍ കേരള ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
എംഎസ്എംഇ രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോമായ ഉദ്യം രജിസ്‌ട്രേഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 4.45 ലക്ഷത്തിലധികം എംഎസ്എംഇകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2022-23 സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ എന്റര്‍പ്രൈസ് വര്‍ഷമായി ആചരിച്ചിരുന്നു. ഒരു കുടുംബം ഒരു സംരംഭം പദ്ധതി വഴി നാല് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ നല്‍കാനും കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ചിരുന്നു. ആറ് ശതമാനം വരെയാണ് ഇതില്‍ പലിശ ഇളവ് ലഭിക്കുന്നത്. കൂടാതെ പദ്ധതി പ്രകാരം എംഎസ്എംഇ മേഖലയില്‍ 3-5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 എംഎസ്എംഇകളെ കൂടി കൂട്ടിച്ചേര്‍ത്ത് 100 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനികളാക്കി മാറ്റുക എന്നതാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് മുന്‍പ് വ്യക്തമാക്കിയിരുന്നു.
