വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് വീണ്ടും നേട്ടം. പൂർണ്ണ തോതിലുള്ള ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇതോടെ തുറമുഖത്ത് നിന്ന് ചരക്കുകൾ നേരിട്ട് റോഡ് മാർഗം മാറ്റി കൊണ്ടുപോകാനുള്ള വഴി തെളിഞ്ഞു. ആദ്യഘട്ട കമ്മീഷനിങ് പൂർത്തിയാക്കിയ തുറമുഖം ഇപ്പോൾ അടുത്തഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് കൂടുതൽ പ്രാധാന്യമുള്ള അനുമതികളും സൗകര്യങ്ങളും വിഴിഞ്ഞത്തിനെ തേടി എത്തുന്നത്.
പൂർണ്ണ ശേഷിയുള്ള ഇമിഗ്രേഷൻ ചെക്ക്പോസ്റ്റിന് കേന്ദ്ര അനുമതി ലഭിച്ചതോടെ ചരക്ക് ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാകുകയും പ്രവർത്തനങ്ങൾക്ക് വേഗത ലഭിക്കുകയും ചെയ്യും. കൂടാതെ, റെയിൽവഴിയുള്ള ചരക്കുനീക്കത്തിനും കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഇതിനിടെ, തുറമുഖത്തെയും ദേശീയപാത 66-നെയും ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം ഈ റോഡ് നിർമ്മാണം പൂർത്തിയാകും എന്നാണ് വിസിൽ അധികൃതരുടെ വിലയിരുത്തൽ.
റോഡ് തയ്യാറാകുന്ന സാഹചര്യത്തിൽ, ഇമിഗ്രേഷൻ ചെക്ക്പോസ്റ്റും വേഗത്തിൽ യാഥാർത്ഥ്യമാകും. ഇതോടെ വിഴിഞ്ഞത്തിന്റെ വാണിജ്യ വളർച്ചയ്ക്ക് കൂടുതൽ കരുത്ത് ലഭിക്കുകയും അയൽ സംസ്ഥാനങ്ങൾക്കും ഗണ്യമായ പ്രയോജനം ഉണ്ടാകുകയും ചെയ്യും.
