തിരുവനന്തപുരത്തിന് ഓണ സമ്മാനം; 163 ഇവി ബസ് സര്‍വീസുകള്‍

  • എ ഐ ക്യാമറകള്‍ വന്നതോടെ വാഹന അപകട മരണങ്ങള്‍ പകുതിയായി കുറഞ്ഞു

Update: 2023-07-25 09:00 GMT

ഓണത്തിന് മുന്‍പ് തിരുവനന്തപുരം നഗരത്തില്‍ പുതിയ 113 സിറ്റി സര്‍ക്കുലര്‍ ബസുകള്‍ ഉള്‍പ്പെടെ 163 ഇലക്ട്രിക് ബസുകള്‍ സര്‍വീസ് തുടങ്ങും. നഗരത്തിലെ യാത്ര സൗകര്യങ്ങളില്‍ വലിയ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.

അതേസമയം സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ അപകടമരണങ്ങള്‍ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കഴിഞ്ഞവര്‍ഷം ജൂണില്‍ വാഹനാപകടങ്ങളില്‍ 344 പേര്‍ മരിച്ചപ്പോള്‍ എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വര്‍ഷം ജൂണില്‍ അത് 140 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേശവദാസപുരം റസ്റ്റ് റൂമിന്റെയും പട്ടത്തെയും പൊട്ടക്കുഴിയിലെയും ഹൈടെക് ബസ് ഷെല്‍ട്ടറുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന അപകടങ്ങളില്‍പ്പെട്ട് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ക്യാമറകള്‍ സ്ഥാപിക്കും മുന്‍പ് നാലര ലക്ഷത്തോളം ആയിരുന്നു വാഹന നിയമലംഘനങ്ങള്‍. ഇപ്പോള്‍ ഇത് നാലിലൊന്നായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

നാഷണല്‍ ഹൈവേയും എംസി റോഡും ഒന്നിച്ചു ചേരുന്ന കേശവദാസപുരം ജംഗ്ഷനിലെ തിരക്ക് കണക്കിലെടുത്താണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ശുചിമുറികളും മുലയൂട്ടല്‍ മുറിയും നിര്‍മ്മിച്ചത്. ഇതിലേക്ക് സീവറേജ് ലൈന്‍ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രിഡ ഉടമസ്ഥതയിലുള്ള കേദാരം ഷോപ്പിംഗ് കോംപ്ലക്‌സ് കോമ്പൗണ്ടിലാണ് റസ്റ്റ് റൂം നിര്‍മ്മിച്ചിട്ടുള്ളത്.

നന്ദന്‍കോടും കേശവദാസപുരത്തും സ്ഥാപിച്ച ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ മാതൃകയിലാണ് പട്ടം ജംഗ്ഷനിലും പൊട്ടക്കുഴി വൈദ്യുത ഭവന സമീപവും ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രമുഖ പരസ്യ സ്ഥാപനമായ ദിയ അഡ്വര്‍ടൈസേഴ്‌സ് ആണ് ഇതിന്റെ നിര്‍മ്മാണവും പരിപാലനവും നിര്‍വഹിക്കുന്നത്. പരസ്യത്തില്‍ നിന്നാണ് ഇതിലേക്കു ആവശ്യമായ ഫണ്ട് കണ്ടെത്തിയത്. സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, എഫ് എം റേഡിയോ, വൈഫൈ, മാഗസിന്‍ സ്റ്റാന്‍ഡ്, ടെലിവിഷന്‍, ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ എന്നിവ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News