സംരംഭകര്‍ക്ക് കെ-സ്വിഫ്റ്റ് വഴി വേഗത്തില്‍ താല്‍ക്കാലിക കെട്ടിട നമ്പര്‍; വിജ്ഞാപനം പുറത്തിറങ്ങി
- മൂന്നു വര്‍ഷം വരെ താല്‍ക്കാലിക കെട്ടിട നമ്പറില്‍ പ്രവര്‍ത്തിക്കാനാകും
- 50 കോടി വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്കാണ് ഈ സൗകര്യം
- ഡോ.കെ.സി സണ്ണി കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന സംരംഭങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കെ സ്വിഫ്റ്റ് വഴി വേഗത്തില്‍ താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനായി ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ ഇന്നലെ പുറത്തിറക്കി. 2020ലെ 'കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായസ്ഥാപനങ്ങളും സുഗമമാക്കൽ' ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. 50 കോടി വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക.
കെ സ്വിഫ്റ്റ് വഴി ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തിലെ നമ്പര്‍ മൂന്നു വര്‍ഷം വരെ താല്‍ക്കാലിക കെട്ടിട നമ്പറായി കണക്കാക്കും, അതിനുള്ളില്‍ സ്ഥിരനമ്പർ നേടിയാൽ മതിയാകും. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിച്ച ഡോ.കെ.സി സണ്ണി കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കെ.സ്വിഫ്റ്റ് അക്നോളജ്മെന്റുള്ള സംരംഭങ്ങൾക്ക് മറ്റൊരു അനുമതിയും ഇല്ലാതെ തന്നെ മൂന്നുവർഷം വരെ പ്രവർത്തിക്കുന്നതിന് നേരത്തേ തന്നെ വ്യവസ്ഥയുണ്ട്. മൂന്ന് വർഷം കഴിഞ്ഞുള്ള ആറുമാസ കാലയളവില്‍ ആവശ്യമുള്ള അനുമതികൾ നേടിയാൽ മതിയാകും. എന്നാല്‍ വായ്പ നേടുന്നത് ഉള്‍പ്പടെയുള്ള പല ഇടപാടുകള്‍ക്കും കെട്ടിട നമ്പര്‍ ആവശ്യമായി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സണ്ണി കമ്മിറ്റി ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്. കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പും വ്യവസായ വകുപ്പം ചര്‍ച്ചകള്‍ നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം കോട്ടയം മാഞ്ഞാര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സംരംഭകനായ ഷാജിമോന്‍ ജോര്‍ജ് നടത്തിയ സമരം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കെട്ടിട നമ്പര്‍ നല്‍കുന്നത് വ്യക്തിവിരോധം മൂലം ഉദ്യോഗസ്ഥര്‍ വൈകിക്കുന്നു എന്നാരോപിച്ചായിരുന്നു സമരം. പുതിയ വിജ്ഞാപനത്തിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
