കേരള ബാങ്കുകൾക്ക് സംസ്ഥാനം ഒരു നിക്ഷേപ വിപണി; വായ്പ പകുതിയിലധികവും പുറത്ത്

  • 41.44 ശതമാനം ക്രെഡിറ്റ്-ഡിപ്പോസിറ്റ് (സിഡി റേഷ്യോ; CD ratio) യുള്ള സിഎസ്ബി ബാങ്കാണ് കേരളത്തിൽ വായ്പ നൽകുന്നതിൽ ചരിത്രപരമായി ഏറ്റവും 'വിമുഖത' കാണിക്കുന്നത്.
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഈ ബാങ്കുകളോട് സംസ്ഥാനത്തിനുള്ളിൽ അവരുടെ വായ്പ മെച്ചപ്പെടുത്താൻ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്,

Update: 2023-01-18 14:30 GMT

കൊച്ചി: കേരളം ആസ്ഥാനമായുള്ള അഞ്ച് ബാങ്കുകളും സംസ്ഥാനത്ത് നിന്ന് സമാഹരിക്കുന്ന മൊത്തം നിക്ഷേപത്തിന്റെ പകുതിയിലധികവും കേരളത്തിന് പുറത്ത് വിന്യസിക്കുകയാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത സ്വരൂപിക്കുന്ന നിക്ഷേപത്തിന്റെ 45 ശതമാനം മാത്രമാണ് കേരളത്തിനുള്ളിൽ വായ്പയായി നൽകാൻ ഈ ബാങ്കുകൾ ഉപയോഗിക്കുന്നതെന്നാണ് സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റി (SLBC) യുടെ റിപ്പോട്ട് പറയുന്നത്.

ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി എസ്‌ ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് (ESAF SFB) എന്നിവ 2022 സെപ്റ്റംബർ 30 വരെ സമാഹരിച്ച മൊത്തം നിക്ഷേപം 2,09,547.28 കോടി രൂപയായി ഉയർന്നപ്പോൾ അന്ന് വരെയുള്ള വായ്പ സംസ്ഥാനത്തിനകത്ത് വെറും 94,353.7 കോടി രൂപ മാത്രമാണ്..

41.44 ശതമാനം ക്രെഡിറ്റ്-ഡിപ്പോസിറ്റ് (സിഡി റേഷ്യോ; CD ratio) യുള്ള സിഎസ്ബി ബാങ്കാണ് കേരളത്തിൽ വായ്പ നൽകുന്നതിൽ ചരിത്രപരമായി ഏറ്റവും 'വിമുഖത' കാണിക്കുന്നത്; അതായത് സിഎസ്‌ബി സംസ്ഥാനത്ത് നിന്ന് സമാഹരിച്ച നിക്ഷേപത്തിന്റെ 42 ശതമാനത്തിൽ താഴെ മാത്രമാണ് കേരളത്തിൽ വായ്പ നൽകുന്നതിന് ഉപയോഗിക്കുന്നതെന്ന് ചുരുക്കം.

സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായ ഫെഡറൽ ബാങ്കും സ്വന്തം സംസ്ഥാനത്തിനുള്ളിൽ വായ്പ നൽകുന്നതിൽ വലിയ ഉത്സാഹം കാണിച്ചിട്ടില്ല; അവരുടെ കുറഞ്ഞ സിഡി അനുപാതമായ 42.8 ശതമാനത്തിൽ നിന്ന് അത് വ്യക്തമാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഈ ബാങ്കുകളോട് സംസ്ഥാനത്തിനുള്ളിൽ അവരുടെ വായ്പ മെച്ചപ്പെടുത്താൻ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാൽ ആ രംഗത്ത് കാര്യമായ പുരോഗതി ഇനിയും കാണാനായിട്ടില്ല.

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് (KSCB) എന്ന കേരള ബാങ്കിന്റെ കേരളത്തിലെ സിഡി അനുപാതം (67.28 ശതമാനം) വളരെ കൂടുതലാണ്, കാരണം, ബാങ്കിന്റെ കളിക്കളം അതിന്റെ സ്വന്തം സംസ്ഥാനമാണ്.

എന്നാൽ, 2022 സെപ്തംബർ 30 വരെ കേരള ബാങ്കിന് 65,630.73 കോടി രൂപ നിക്ഷേപ അടിത്തറയുള്ളതിൽ 44,153.37 കോടി രൂപ മാത്രമാണ് വായ്പയായി നൽകിയിട്ടുള്ളത്; അതിന്റെ കാരണം, അതിൽ 20,000 കോടി രൂപ നിക്ഷേപമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

അതിലും ഗൗരവതരമായ കാര്യം എന്തെന്ന് വെച്ചാൽ കേരള ബാങ്കിന്റെ നോൺ പെർഫോമിംഗ് അസ്സെറ്റ്സ് (NPA) ബുക്ക് സെപ്തംബർ അവസാനത്തോടെ 5605 കോടി രൂപയിൽ നിന്ന് 5666.49 കോടി രൂപയായി വർധിച്ചു; അതായത്, ബാങ്കിന്റെ കിട്ടാക്കടം, അഥവാ എൻപിഎ, 13 ശതമാനത്തിനടുത്താണ് എന്നതാണ്.

കേരളേതര ബാങ്കുകൾ

കൗതുകകരമെന്നു പറയട്ടെ, കേരളത്തിന് പുറത്തുള്ള ബാങ്കുകൾ സംസ്ഥാനത്തിനകത്ത് വായ്പ നൽകുന്നതിൽ കൂടുതൽ സജീവമാണ്.

സംസ്ഥാനത്തിനകത്ത് വായ്പ നൽകുമ്പോൾ കേരളത്തിന് പുറത്തുള്ള മിക്ക ബാങ്കുകളും കേരളത്തിന്റെ സ്വന്തം ബാങ്കുകളേക്കാൾ മികച്ച സ്ഥാനത്താണ്; അത് സംസ്ഥാനത്തെ അവരുടെ വളരെ ഉയർന്ന സിഡി അനുപാതത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

റീജിയണൽ റൂറൽ ബാങ്ക്സ് (ആർആർബി) ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ കേരളത്തിലെ സിഡി അനുപാതം 74.15 ശതമാനമാണെങ്കിൽ സ്വകാര്യമേഖലാ ബാങ്കുകളുടേത് വെറും 58.76 ശതമാനമാണ്.

എന്നിരുന്നാലും, കേരളത്തിന്റെ മൊത്തം ബാങ്കിംഗ് മേഖലയിലെ (പൊതു-സ്വകാര്യ മേഖലാ ബാങ്കുകൾ) സിഡി അനുപാതം 2022 സെപ്റ്റംബർ 30-ന് കണക്കാക്കിയാൽ 68.03 ശതമാനമാണ്; കേരളം ആസ്ഥാനമായുള്ള ബാങ്കുകളെ അപേക്ഷിച്ച് ഈ അനുപാതം വളരെ ഉയർന്നതാണ്.

Tags:    

Similar News