ചെമ്മണ്ണൂര്‍ നിധി ലിമിറ്റഡിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടും

  • നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കിയില്ല
  • ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും
  • ജപ്‍തി സ്ഥിരപ്പെടുത്താന്‍ കോടതിയെ സമീപിക്കും

Update: 2024-01-12 06:51 GMT

ബഡ്‌സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ചെമ്മണ്ണൂര്‍ നിധി ലിമിറ്റഡിന്‍റെ യും അതിന്‍റെ  ഉടമകളുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിന് തൃശ്ശൂർ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.  താല്‍ക്കാലിക ജപ്തി സ്ഥിരമാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ചെമ്മണ്ണൂര്‍ നിധി ലിമിറ്റഡിന്‍റെയും  ഉടമകളുടെയും മറ്റ് പ്രതികളുടെയും വിശദവിവരങ്ങള്‍ അന്വേഷിച്ച് ജില്ലാ പോലീസ് മേധാവി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. സ്ഥാപന ഉടമകളുടെയും മറ്റ് പ്രതികളുടെയും പേരില്‍ തൃശൂര്‍ ജില്ലയിലുള്ള എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി അവ കണ്ടുകെട്ടുന്നതിനായി സ്ഥാവര സ്വത്തുകളുടെ മഹസ്സര്‍, ലൊക്കേഷന്‍ സ്‌കെച്ച് , തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും.

ജില്ലാ രജിസ്ട്രാര്‍ പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ  വിശദാംശങ്ങള്‍ കളക്റ്റര്‍ക്ക് സമര്‍പ്പിക്കുകയും  ഈ സ്വത്തുക്കളുടെ തുടര്‍ന്നുള്ള വില്പന നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും അടിയന്തരമായി നല്‍കുകയും ചെയ്യും. പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തയ്യാറാക്കി കളക്ട്രേറ്റിലേക്കും ജില്ലാ പോലീസ് മേധാവിക്കും കൈമാറും.

പ്രതികളുടെ പേരില്‍ ജില്ലയിലെ ബാങ്കുകള്‍ /ട്രഷറികള്‍ /സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച എല്ലാത്തരം അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാ സ്ഥാപന മേധാവിമാരും അടിയന്തരമായി സ്വീകരിക്കണം. ജില്ലയിലെ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തൃശൂര്‍ ലീഡ് ബാങ്ക് മാനേജര്‍ നല്‍കണം. ഉത്തരവ് ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിന് ജില്ലയിലെ പോലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ചുമതല.

ആക്ട് 2019 സെക്ഷന്‍ 14 (1) പ്രകാരം താല്‍ക്കാലിക ജപ്തി സ്ഥിരപ്പെടുത്തുന്നതിന് നിയുക്ത കോടതി മുമ്പാകെ സമയ ബന്ധിതമായി ഹര്‍ജി ഫയല്‍ ചെയ്യേണ്ടതിനാല്‍ കണ്ടുകെട്ടല്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി കലക്ട്രേറ്റില്‍ ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News