ആരായിരിക്കും അടുത്ത ആപ്പിൾ സിഇഒ? ടിം കുക്ക് പടിയിറങ്ങുന്നു
ആപ്പിൾ സിഇഒ ടിം കുക്ക് അടുത്ത വർഷം പടിയിറങ്ങിയേക്കും. ആരാകും പുതിയ ആപ്പിൾ നായകൻ?
ആപ്പിൾ സിഇഒ ടിം കുക്ക് ദീർഘകാലത്തെ സേവനങ്ങൾക്ക് ശേഷം പടിയിറങ്ങുമെന്ന സൂചനകൾ ശക്തമാകുന്നു. ടിം കുക്കിൻ്റെ പകരക്കാരൻ ആരാകുമെന്ന് ആപ്പിളിൻ്റെ ഭാവിക്ക് നിർണായകമാകും. ടിം കുക്കിന് കീഴിൽ ശക്തമായ വളർച്ചയാണ് ആപ്പിൾ രേഖപ്പെടുത്തിയത്. അടുത്ത വർഷം ടിം കുക്ക് ആപ്പിളിന്റെ പടിയിറങ്ങുമെന്നാണ് സൂചനകൾ.
നിലവിൽ ആപ്പിളിൻ്റെ ഹാർഡ്‌വെയർ വിഭാഗം നയിക്കുന്ന ജോൺ ടെർണസ് സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും. ആപ്പിളിന്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റാണിപ്പോൾ ടെർണസ്. 14 വർഷത്തിലേറെയായി ആപ്പിളിനെ നയിക്കുന്നത് ടിം കുക്കാണ്.
വ്യത്യസ്തമായ മാനേജീരിയൽ ശൈലി കൊണ്ട് ശ്രദ്ധേയനായ ആളാണ് ടിം കുക്ക്. കമ്പനിയുടെ മുൻ സിഇഒ സ്റ്റീവ് ജോബ്‌സിൽ നിന്ന് തികച്ചും വ്യത്യസ്തൻ. ടിം കുക്കിൻ്റെ നേതൃത്വത്തിലാണ് ആപ്പിൾ ഒരു ലക്ഷം കോടി ഡോളറും ഏറ്റവും ഒടുവിൽ മൂന്ന് ലക്ഷം കോടി ഡോളറും വിപണി മൂല്യം നേടിയത്.
വേറിട്ട ശൈലി, ചിന്താശേഷി
നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിനുപകരം നിലവിലുള്ള ഉൽപ്പന്നങ്ങൾ പരിഷ്കരിക്കുന്നതിലാണ് കുക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ടീം വർക്കിനും ജീവനക്കാരുടെ ശാക്തീകരണത്തിനും പ്രാധാന്യം നൽകി. ഇത് ആപ്പിളിൻ്റെ വിജയത്തിൽ നിർണായകമാവുകയും ചെയ്യും.ടിം കുക്കിന് സ്റ്റീവ് ജോബ്‌സിൻ്റെ ദീർഘവീക്ഷണ ശൈലി ഇല്ലെന്നത് തുടക്കത്തിൽ വിമർശനങ്ങൾക്ക് വഴി വെച്ചെങ്കിലും അധികാരമേറ്റതിനുശേഷം, കുക്ക് കഴിവ് തെളിയിച്ചു. വേറിട്ട ശൈലി ജീവനക്കാരെയും ഒപ്പം നിർത്തി.
ആപ്പിൾ വാച്ച്, എയർപോഡുകൾ എന്നിവയാണ് ടിം കുക്ക് അവതരിപ്പിച്ച പുതിയ ഉൽപ്പന്നങ്ങൾ. ആപ്പിളിന്റെ സേവന വരുമാനം കുക്ക് ഗണ്യമായി വർധിപ്പിച്ചു. ആപ്പിൾ മ്യൂസിക്, ഐക്ലൗഡ് പോലുള്ള സേവനങ്ങൾ ഇതിൽ നിർണായകമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആപ്പിൾ സ്വന്തം എം1 ചിപ്പുകൾ വികസിപ്പിച്ചത് ചെലവ് ചുരുക്കുന്നതിനും വൈദ്യുതി കാര്യക്ഷമതയ്ക്കും കാരണമായി.
