ചൈനയില്‍ ആരോഗ്യ ക്ലിനിക്കുകള്‍ കൂടുതല്‍ സജീവം; ആശങ്കയോടെ ലോകം

  • നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സമീപ കാലരോഗങ്ങളുടെ വകഭേദമോ പുതിയ രോഗകാരികളോ അല്ലെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

Update: 2023-11-27 11:51 GMT

ഒരു ഇടവേളയ്ക്ക് ശേഷം ശ്വാസകോശ രോഗത്തിന്റെ പിടിയില്‍ പെട്ട് ചൈന വീണ്ടും ആഗോള ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. അസുഖങ്ങള്‍ പിടിമുറുക്കുന്നതിനാല്‍ പനി ക്ലിനിക്കുകളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന്് ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുട്ടികളിലെ ന്യൂമോണിയ വര്‍ധിക്കുന്നതടക്കം ശ്വാസകേശ സംബന്ധമായ അസുഖങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന വരെ ഇടപെട്ടുകഴിഞ്ഞു. ഇതാണ് ആഗോള ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. 2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആഗോള മഹാമാരിയായി മാറിയ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സമീപ കാലരോഗങ്ങളുടെ വകഭേദമോ പുതിയ രോഗകാരികളോ അല്ലെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധന ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളിലേക്കാണ് നയിക്കുന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് പറഞ്ഞു. മികച്ച ക്ലിനിക്കുകളുടേയും ചികിത്സാ മേഖലകളുടേയും എണ്ണം വര്‍ധിപ്പിക്കാനും ചികിത്സാ സമയം നീട്ടാനും മരുന്ന് വിതരണം ശക്തിപ്പെടുത്താനും ശ്രമം തുടങ്ങിയതായി വക്താവ് പറഞ്ഞു.

സ്‌കൂളുകള്‍, ശിശുസംരക്ഷണ സ്ഥാപനങ്ങള്‍, നഴ്‌സിംഗ് ഹോമുകള്‍ തുടങ്ങിയ പ്രധാന തിരക്കേറിയ സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിലും നിയന്ത്രണത്തിലും ജോലി ചെയ്യേണ്ടതും ആളുകളുടെ തിരക്കും സന്ദര്‍ശനങ്ങളും കുറയ്‌ക്കേണ്ടതും ആവശ്യമാണ്. ബെയ്ജിംഗ്, ലിയോണിംഗ് പ്രവിശ്യകള്‍ പോലുള്ള വടക്കന്‍ പ്രദേശങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ അസുഖങ്ങള്‍ റിപ്പാര്‍ട്ട് ചെയ്യുന്നത് കൂടുതലാണ്.

ശൈത്യകാലത്തും വസന്തകാലത്തും ഇന്‍ഫ്‌ലുവന്‍സ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും ചില പ്രദേശങ്ങളില്‍ മൈകോപ്ലാസ്മ ന്യുമോണിയ അണുബാധ ഉയര്‍ന്ന നിലയിലായിരിക്കുമെന്നും ചൈനയുടെ കാബിനറ്റ് സ്റ്റേറ്റ് കൗണ്‍സില്‍ വെള്ളിയാഴ്ച പറഞ്ഞു. കൊവിഡ് അണുബാധ വീണ്ടും ഉയരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

11 മാസം മുമ്പ് കൊവിഡ് നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കേസുകളില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News