കാനഡ നിലപാട് കടുപ്പിച്ചു; ഇന്ത്യാക്കാരെ നാടുകടത്തുന്നു, വിദ്യാർത്ഥികളും കുത്തനെ കുറഞ്ഞു
കാനഡയിൽ പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണവും കുറഞ്ഞു.
കാനഡയിൽ ഇന്ത്യാക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാകുകയാണ്. 2024 ൽ വിദ്യാർത്ഥികളും പ്രഫഷണലുകളും ഉൾപ്പെടെ 2000 ഇന്ത്യാക്കാരെയാണ് ഇവിടെ നിന്ന് നാടുകടത്തിയത്. 2025 ജൂലൈ വരെ 1891 പേരെ നാടുകടത്തിയിട്ടുണ്ട്. രാജ്യത്ത് ഏകദേശം 47000 അന്താരാഷ്ട്ര വിദ്യാർത്ഥികൾ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് ഐആർസിസിയുടെ കണക്കുകൾ. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. എന്തായാലും അനധികൃത കുടിയേറ്റത്തിനും താൽക്കാലിക തൊഴിൽ അവസരങ്ങൾക്കും തടയിടാൻ കാനഡ കൊണ്ടുവന്ന നടപടികൾ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവ് വരുത്തി.
കാനഡയിൽ ഇന്ത്യാക്കാരുൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2025 ൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 60 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഓഗസ്റ്റിൽ 45,380 പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾ മാത്രമാണ് കാനഡയിൽ പഠനത്തിന് എത്തിയത്. കാനഡയിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയും താൽക്കാലികമായി നൽകിയിരുന്ന തൊഴിൽ അവസരങ്ങളും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
80 ശതമാനം വിസ ആപ്ലിക്കേഷനും നിരസിക്കുന്നു
ഒരു വർഷത്തിനുള്ളിൽ പുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1.32 ലക്ഷം പേരുടെ കുറവുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനായി 2023 അവസാനം മുതൽ നടപ്പിലാക്കിയ വ്യാപകമായ പരിഷ്കാരങ്ങളാണ് ഇതിന് കാരണം.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 2024 ന്റെ തുടക്കത്തിൽ ഫെഡറൽ ഗവൺമെന്റ് ഒരു വർഷം 3.60 ലക്ഷം പഠന പെർമിറ്റുകളേ നൽകാവൂ എന്ന പരിധി ഏർപ്പെടുത്തിയിരുന്നു. അനധികൃത എൻറോൾമെന്റുകളും വ്യാജരേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പും തടയുന്നതിനായി പ്രത്യേക സംവിധാനവും നടപ്പാക്കി.
ഉയർന്ന പണപ്പെരുപ്പമുള്ളതിനാൽ വിദ്യാർത്ഥികളുടെ ജീവിതച്ചെലവുകൾക്ക് വേണ്ട സാമ്പത്തിക ശേഷി ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഇതിനുള്ള പരിധി ഉയർത്തി. ഈ മാറ്റങ്ങളാണ് വിദേശ വിദ്യാർത്ഥകളുടെ എണ്ണം കുത്തനെ കുറയ്ക്കാൻ കാരണം.2025 ഓഗസ്റ്റിൽ 45,380 അന്താരാഷ്ട്ര വിദ്യാർത്ഥികൾ മാത്രമാണ് പഠനത്തിന് എത്തിയിരിക്കുന്നത്. നേരത്തെ ഒരുവർഷം ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ പഠനത്തിന് എത്തിയിരുന്നു. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർത്ഥികൾ ആയിരുന്നു.
