വാണിജ്യബന്ധം മെച്ചപ്പെടുത്തല്‍: ഗോയല്‍ യൂറോപ്പിലേക്ക്

  • യുകെ, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തും
  • യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു

Update: 2025-04-28 03:15 GMT

വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി വാണിജ്യമന്ത്രി ഇന്ന് യൂറേപ്പിലേക്ക് പുറപ്പെടുന്നു. ലണ്ടന്‍, നോര്‍വേ, യൂറോപ്യന്‍ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസല്‍സ് എന്നിവിടങ്ങള്‍ ഗോയല്‍ സന്ദര്‍ശിക്കും. യുകെ, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള ഇന്ത്യയുടെ വ്യാപാര, നിക്ഷേപ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ഈ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യയും യുകെയും തമ്മിലുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുന്ന സാഹചര്യത്തില്‍ ലണ്ടന്‍ സന്ദര്‍ശനം നിര്‍ണായകമാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നാല് യൂറോപ്യന്‍ രാഷ്ട്ര കൂട്ടായ്മയായ ഇഎഫ്ടിഎയുമായി ഇന്ത്യ ഒരു സമഗ്ര സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചതിനാല്‍ ഓസ്ലോ സന്ദര്‍ശനത്തിന് പ്രാധാന്യം ലഭിക്കുന്നു. ഈ വര്‍ഷം ഇത് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ (ഇഎഫ്ടിഎ) അംഗങ്ങള്‍ ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ്. 2024 മാര്‍ച്ച് 10 ന് ഇരുപക്ഷവും വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറില്‍ (ടിഇപിഎ) ഒപ്പുവെച്ചു.

ഈ കരാര്‍ പ്രകാരം, 15 വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യക്ക് 100 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപ പ്രതിജ്ഞാബദ്ധത ലഭിച്ചു. അതേസമയം സ്വിസ് വാച്ചുകള്‍, ചോക്ലേറ്റുകള്‍, കട്ട് ആന്‍ഡ് പോളിഷ് ചെയ്ത വജ്രങ്ങള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞതോ തീരുവയില്ലാതെയോ അനുവദിക്കുകയും ചെയ്തു.

മറുവശത്ത്, 27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകളും വേഗത്തില്‍ പുരോഗമിക്കുന്നു.ഇരു വിഭാഗവും തമ്മിലുള്ള പതിനൊന്നാം റൗണ്ട് ചര്‍ച്ചകള്‍ മെയ് 12 മുതല്‍ 16 വരെ ഡെല്‍ഹിയില്‍ നടക്കും. 

Tags:    

Similar News