ഇന്ത്യ-യുകെ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു

കരാര്‍ ഒപ്പിടാന്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയേക്കും

Update: 2025-05-07 04:23 GMT

ഇന്ത്യയും യുകെയും ചരിത്രപരമായ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. കരാര്‍ സംബന്ധിച്ച് ഇരുകൂട്ടരും ധാരണയിലെത്തുകയും ചെയ്തു. കരാര്‍ ഒപ്പിടാന്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയേക്കും.

യുകെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ കാലത്താണ് എഫ്ടിഎ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. യുകെയില്‍നിന്നുള്ള കാറുകള്‍ മദ്യം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന കാര്‍ബണ്‍ നികുതി തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളില്‍ ഉണ്ടായ ഭിന്നത കാരണം ചര്‍ച്ചകള്‍ നീണ്ടുപോയി.

കരാറിലേക്കെത്തിയതിനെ ചരിത്രപരം എന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. പലയിനങ്ങളിലും നികുതി കുറയ്ക്കാനും തീരുമാനമായി. ഇരുരാജ്യങ്ങള്‍ക്കും അതീപ പ്രാധാന്യമുള്ളതാണ് ഈ കരാര്‍.

യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 99% വും പൂജ്യം തീരുവയുടെ പ്രയോജനം നേടുന്ന തരത്തിലായിരിക്കും കരാര്‍. ഇന്ത്യയുടെ എല്ലാ കയറ്റുമതി താല്‍പ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുകെയില്‍ സമഗ്രമായ വിപണി പ്രവേശനം എഫ്ടിഎ ഉറപ്പാക്കുന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഒരു പ്രസ്താവനയില്‍ പറയുന്നു. ഇത് ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ വര്‍ധനവിന് വഴിയൊരുക്കും.

2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ ഇത് ഏകദേശം 60 ബില്യണ്‍ ഡോളറാണ്.

തുണിത്തരങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കും എഞ്ചിനീയറിംഗ് സാധനങ്ങള്‍, ഓട്ടോ പാര്‍ട്സ്, എഞ്ചിനുകള്‍, ഓര്‍ഗാനിക് കെമിക്കല്‍സ് തുടങ്ങിയ വ്യാവസായിക മേഖലകള്‍ക്കും കയറ്റുമതി അവസരങ്ങള്‍ തുറക്കാന്‍ എഫ്ടിഎ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ ഭാഗത്ത് നിന്ന്, യുകെയില്‍ നിന്നുള്ള താരിഫ് ലൈനുകളുടെ 90% വും കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ ഇതില്‍ 85% വും പൂജ്യം താരിഫ് ആയി മാറും.

കൂടാതെ, വിസ്‌കി, ജിന്‍ എന്നിവയുടെ താരിഫ് നിലവിലെ 150% ല്‍ നിന്ന് 75% ആയി പകുതിയായി കുറയ്ക്കുകയും കരാറിന്റെ പത്താം വര്‍ഷത്തോടെ 40% ആയി കുറയ്ക്കുകയും ചെയ്യും.

'യുകെ ഇതുവരെ നേടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വ്യാപാര കരാര്‍' എന്നാണ് യുകെയുടെ ബിസിനസ് ആന്‍ഡ് ട്രേഡ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് പുതിയ കരാറിനെ വിശേഷിപ്പിച്ചത്.

ഇന്ത്യയിലെ ടെലികോം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് രംഗത്തേക്ക് പ്രിട്ടീഷ് കമ്പനികള്‍ ഇനി എത്തും. 

Tags:    

Similar News