ദക്ഷിണ കൊറിയയ്ക്ക് കൈകൊടുത്ത് എൻവിഡിയ; വമ്പൻ ഡീൽ

ഏഷ്യയുടെ എഐ ഹബ്ബായി ദക്ഷിണ കൊറിയ മാറുമോ? ഒരു വമ്പൻ ഡീൽ

Update: 2025-11-03 10:25 GMT

ദക്ഷിണ കൊറിയയുമായി വമ്പന്‍ ഡീല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ എഐ ചിപ്പ് കമ്പനിയായ എന്‍വിഡിയ. ദക്ഷിണ കൊറിയന്‍ സര്‍ക്കാരിനും വൻകിട കൊറിയൻ കമ്പനികള്‍ക്കുമായി 2.6 ലക്ഷത്തിലധികം ബ്ലാക്ക് വെൽ എഐ ചിപ്പുകളാണ് എന്‍വിഡിയ വിതരണം ചെയ്യുന്നത്. സാംസങ് ഇലക്ട്രോണിക്‌സ്, എസ്‌കെ ഗ്രൂപ്പ്, ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് തുടങ്ങിയ രാജ്യത്തെ പ്രമുഖ കമ്പനികള്‍ക്കും അത്യാധുനിക ചിപ്പുകൾ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. എഐ ചിപ്പ് നിർമാണ രംഗത്ത് ദക്ഷിണ കൊറിയക്ക് ആധിപത്യം ലഭിക്കാൻ സഹായകരമായ വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാൻ തയ്യാറെടുക്കുകയാണ്  രാജ്യം. 

ലോകമെമ്പാടുമുള്ള ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിക്കുന്നതിൽ പങ്കാളികളാകുക എന്ന കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് ചിപ്പ് വിതരണം. ഈ ആഴ്ച എന്‍വിഡിയ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ലോകത്തിലെ തന്നെ ആദ്യ കമ്പനിയായി മാറിയിരുന്നു. ഏഷ്യയിലെ തന്നെ ഒരു എഐ ഹബ്ബായി ദക്ഷിണ കൊറിയയെ വികസിപ്പിക്കാന്‍ എൻവിഡിയയുമായുള്ള പുതിയ കരാര്‍ സഹായകരമാകുമെന്നാണ് സൂചന.

ജൂണില്‍ ദക്ഷിണ കൊറിയൻ പ്രസിഡന്റായി അധികാരമേറ്റ ലീ ജെയ്-മ്യുങ്, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് എഐ നിക്ഷേപത്തിന് മുന്‍ഗണന നല്‍കുമെന്ന് പറഞ്ഞിരുന്നു. ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ പ്രസിഡന്റ് ലീ ജെയ്-മ്യുങ്, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, കൊറിയയിലെ പ്രമുഖ കമ്പനികളായ സാംസങ്, എസ്‌കെ, ഹ്യുണ്ടായ് എന്നിവയുടെ തലവന്മാര്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം.

Tags:    

Similar News