30 വർഷങ്ങൾക്ക് ശേഷം ആണവായുധ പരീക്ഷണങ്ങളിലേക്ക് യുഎസ്; ആശങ്കയോടെ ലോകം

ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന രാജ്യം. ആണവായുധ പരീക്ഷണങ്ങൾക്ക് യുഎസ്.

Update: 2025-10-30 10:28 GMT

ആഗോള വിപണിയില്‍ ആശങ്കയായി ട്രംപിൻ്റെ ആണവായുധ പരീക്ഷണ പ്രഖ്യാപനം.ചൈനയുമായുള്ള വ്യാപാര യുദ്ധം അവസാനിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലോകത്തെ ആശങ്കയിലാക്കി ട്രംപിന്റെ പുതിയ പ്രഖ്യാപനം വന്നത്. 30 വര്‍ഷത്തിനു ശേഷം യുഎസ് വീണ്ടും ആണവായുധ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നാണ്  ട്രംപ് സൂചന നൽകിയത്.

യുഎസിൻ്റെ ഉയർന്ന നികുതി ഭീഷണികളും വ്യാപാര യുദ്ധവും നിലനില്‍ക്കെയാണ് ട്രംപില്‍ നിന്നും തന്നെ ലോകത്തിന് മറ്റൊരു വെല്ലുവിളി ഉയര്‍ന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം, പെന്റഗണ്‍ ഇതുവര ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. പരീക്ഷണങ്ങൾ എവിടെയൊക്കെ നടക്കും സമയക്രമം എങ്ങനെ എന്നുള്ള വിവരങ്ങൾ പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥര്‍ ഈ ആഴ്ച അവസാനം മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 മറ്റു രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുമ്പോൾ സമാനമായി യുഎസും പരീക്ഷണം നടത്താനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. .റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളെക്കുറിച്ചും ട്രംപ് പരാമർശിച്ചു.

ചൈനയുടെ ആണവായുധ ശേഖരം ഇരട്ടിയായി

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ചൈന ആണവായുധ ശേഖരം ഇരട്ടിയാക്കിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ആയുധങ്ങളുടെ എണ്ണം ആയിരം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസും റഷ്യയും തമ്മിലുള്ള ആണവായുധ ഉടമ്പടിയായ ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി (ന്യൂ സ്റ്റാർട്ട്) 2026 ഫെബ്രുവരിയിൽ കാലഹരണപ്പെടുന്നതിന് ഏകദേശം 100 ദിവസം മുമ്പാണ് ട്രംപിന്റെ പ്രസ്താവന.

Similar News