കേരളം മികച്ച വിവാഹ വിനോദസഞ്ചാര ഡെസ്റ്റിനേഷനാകും; പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് സര്‍ക്കാര്‍

  • വിവാഹ വിനോദസഞ്ചാരത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലമായി കേരളത്തെ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

Update: 2023-01-05 10:15 GMT

തിരുവനന്തപുരം: കേരളത്തിന്റെ വിവാഹ വിനോദസഞ്ചാര സാധ്യതകളെ പ്രയോജനപെടുത്താന്‍ തയ്യാറായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെയും വിനോദ സഞ്ചാരവകുപ്പിന്റയും ഏകോപനത്തില്‍ ആസൂത്രണം ചെയ്ത വ്യത്യസ്ത പ്രചാരണ പരിപാടികള്‍ക്കായ് രണ്ടു കോടിയിലധികം രൂപ അനുവദിച്ചു.

കേരളത്തെ മികച്ച വിവാഹ വിനോദസഞ്ചാര ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള പ്രചാരണ പരിപാടികളള്‍ക്കാണ് ഇതിലൂടെ തുടക്കമിടുന്നത്. കേരളത്തിന്റെ വിവാഹ വിനോദസഞ്ചാര സാധ്യതകളെ ആഭ്യന്തര-വിദേശ സഞ്ചാരികളെ പരിചയപ്പെടുത്താനും അവരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അംഗീകാരം ലഭിച്ച പദ്ധതികള്‍

'ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്ലൈറ്റ്‌സ്', ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന്‍ സോഷ്യല്‍ മീഡിയ, ഗൂഗിള്‍ സെര്‍ച്ച് ആന്‍ഡ് ഡിസ്‌പ്ലേ ആഡ്‌സ്', 'പ്രൊമോഷന്‍ ഓഫ് ഡെസ്റ്റിനേഷന്‍ വെഡിംഗ് മൈക്രോസൈറ്റ്' എന്നീ പദ്ധതികള്‍ക്കാണ് നിലവില്‍ വിനോദസഞ്ചാര വകുപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിലൂടെ വിവാഹ വിനോദസഞ്ചാരത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലമായി കേരളത്തെ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

പദ്ധതികള്‍ക്കായ് അനുവദിച്ച തുക

കേരളത്തെ മികച്ച വെഡിംഗ് ഡെസ്റ്റിനേഷനായി മാറ്റുന്നതിനും പ്രകൃതിസൗന്ദര്യം, മനോഹരങ്ങളായ സ്ഥലങ്ങള്‍, മികച്ച താമസ-ഭക്ഷണ സൗകര്യങ്ങള്‍, പ്രൊഫഷണലുകളുടെ പിന്തുണ എന്നിവ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനുമായുള്ള 'ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന്‍ എയര്‍പോര്‍ട്ട്ട്രാന്‍സ്ലൈറ്റ്‌സ്'പദ്ധതിയ്ക്കായി 1,39,24,000 രൂപയാണ് അനുവദിച്ചത്.

ഡെല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മൈക്രോസൈറ്റിന്റെ ഓണ്‍ലൈന്‍ പ്രചാരണത്തിനുള്ള പ്രൊമോഷന്‍ ഓഫ് ഡെസ്റ്റിനേഷന്‍ വെഡിംഗ് മൈക്രോസൈറ്റ്'പദ്ധതിയ്ക്കായ് 30,09,000 രൂപയും അനുവദിച്ചു.

കേരളത്തിലെ സുന്ദരമായ കടല്‍ത്തീരങ്ങള്‍, മലകള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, നദികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വിനോദസഞ്ചാര വകുപ്പിന്റെ മൈക്രോ സൈറ്റിലൂടെ ഓണ്‍ലൈനായി ലഭ്യമാകും.

കേരളത്തിലെ വിവാഹ ഡെസ്റ്റിനേഷന്‍ സാധ്യതകളും വിവാഹ ടൂറിസവും സോഷ്യല്‍ മീഡിയയിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന്‍ സോഷ്യല്‍ മീഡിയ, ഗൂഗിള്‍ സെര്‍ച്ച് ആന്‍ഡ് ഡിസ്‌പ്ലേ ആഡ്‌സ്'. ഇതിനായി 39,33,334 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

കേരളത്തിന്റെ വിവാഹ ടെസ്റ്റിനേഷന്‍ സാധ്യതകളെ വിപുലമായ് ഏകോപിപ്പിക്കുന്നതിലൂടെയും വികസിപ്പിക്കുന്നതിലൂടെയും വിനോദസഞ്ചാര മേഖലയില്‍ ഒരു പുത്തന്‍ വഴിത്തിരിവിനു തുടക്കമിടുകയാണ് ടൂറിസം വകുപ്പ്.

Tags:    

Similar News