കാരവനില്‍ ചുറ്റി നാടൂ കാണൂ, നികുതി 50 ശതമാനം കുറച്ച് സര്‍ക്കാര്‍

  • ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പിലാക്കും.

Update: 2022-12-06 07:15 GMT

തിരുവനന്തപുരം:സംസ്ഥാനത്ത് ടൂറിസ്റ്റ് കാരവനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി 50 ശതമാനം കുറച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഉത്തരവിറക്കി. ഇതോടെ ടൂറിസ്റ്റ് കാരവനുകളുടെ നികുതി 1000 രൂപയില്‍ നിന്ന് 500 രൂപയായി കുറയും. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പിലാക്കും.

കാരവനുകള്‍ക്ക് കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റും ഗതാഗത വാഹന വിഭാഗ രജിസ്‌ട്രേഷനും നിര്‍ബന്ധമെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ടൂറിസം വകുപ്പുമായുള്ള കാരവാന്‍ കരാറിന്റെ വിവരങ്ങള്‍ ടൂറിസം ഡയറക്ടര്‍ നല്‍കും. കൂടാതെ കരാര്‍ കാലാവധി അവസാനിപ്പിക്കുന്ന കാരവനുകളുടെ വിശദാംശങ്ങള്‍ ടൂറിസം ഡയറക്ടര്‍ ഗതാഗത വകുപ്പിന് കൈമാറേണ്ടതുണ്ട്. നികുതി ഇളവിലൂടെ കാരവന്‍ സംരംഭം കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണിത്.

കോവിഡിനു ശേഷമുള്ള വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവന വേഗത വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. കാരവാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആനൂകൂല്യങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ഇത് കാരണമായെക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ കാരവനുകള്‍ എത്തുന്നതിന് ഈ നിരക്ക് ഇളവ് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു.

2022-23 ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിലാണ് കാരവനുകളുടെ ത്രൈമാസ നികുതി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ടൂറിസം മന്ത്രി കാരവന്‍ നയം പ്രഖ്യാപിച്ചതിനു പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജു ഇതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

Tags:    

Similar News