ഫാസ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസുമായി കേന്ദ്ര സര്‍ക്കാര്‍
- 3,000 രൂപ വിലയുള്ള പാസ് ആണ് പുറത്തിറക്കുക
- ഓഗസ്റ്റ് 15 മുതല്‍ ഇത് നിലവില്‍ വരും
ഫാസ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസ് അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ വാഹന ഉടമകള്‍ക്ക് ദേശീയ പാതകളിലെ തടസ്സരഹിത യാത്രയ്ക്കായി 3,000 രൂപ വിലയുള്ള പാസ് ആണ് ഏര്‍പ്പെടുത്തുക. ഓഗസ്റ്റ് 15 മുതല്‍ ഇത് നിലവില്‍ വരും.
പാസ് ആക്ടിവേഷന്‍ തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ 200 യാത്രകള്‍ വരെയോ, ഏതാണ് ആദ്യം വരുന്നത് അതുവരെ പാസിന് സാധുത ഉണ്ടായിരിക്കും.
കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ പാസ് ഉപയോഗിക്കാനാകുക. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് ബാധകമാകില്ല.
സുഖകരമായ ഹൈവേ യാത്രയിലേക്കുള്ള ഒരു പരിവര്‍ത്തന ഘട്ടത്തിന്റെ ഭാഗമായാണ് ഫാസ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസ് അവതരിപ്പിക്കുന്നതെന്ന് ഗതാഗത, ഹൈവേ നിതിന്‍ ഗഡ്കരി ഒരു ട്വീറ്റില്‍ പറഞ്ഞു.
'രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുന്നതാണ് വാര്‍ഷിക പാസ്', അദ്ദേഹം പറഞ്ഞു.
ആക്ടിവേഷന്‍, പുതുക്കല്‍ എന്നിവയ്ക്കായി ഒരു പ്രത്യേക ലിങ്ക് ഉടന്‍ തന്നെ രാജ്മാര്‍ഗ് യാത്ര ആപ്പിലും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ടോള്‍ പ്ലാസകളെക്കുറിച്ചുള്ള ദീര്‍ഘകാല ആശങ്കകള്‍ പരിഹരിക്കുന്നതിനും താങ്ങാനാവുന്ന വിലയിലുള്ള ഒറ്റ ഇടപാടിലൂടെ ടോള്‍ പേയ്മെന്റുകള്‍ ലളിതമാക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ഗഡ്കരി പറഞ്ഞു.
'കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കുന്നതിലൂടെയും, ടോള്‍ പ്ലാസകളിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകള്‍ക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നല്‍കാനാണ് പാസ് അവതരിപ്പിക്കുന്നത്,' അദ്ദേഹം നിരീക്ഷിച്ചു.
ഗതാഗത മന്ത്രാലയത്തിന്റെ 2024 ലെ വര്‍ഷാവസാന അവലോകനം അനുസരിച്ച്, 2024 ഡിസംബര്‍ 1 വരെ 10.1 കോടിയിലധികം ഫാസ് ടാഗുകള്‍ വിതരണം ചെയ്തു.
2024 നവംബര്‍ വരെ ദേശീയ പാത ഫീ പ്ലാസകളില്‍ ഫാസ് ടാഗ് വഴിയുള്ള ശരാശരി പ്രതിദിന കളക്ഷന്‍ ഏകദേശം 193 കോടി രൂപയായിരുന്നു.
