ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് ഇന്ന്

  • പ്രശസ്ത ടൂറിസം കേന്ദ്രങ്ങള്‍, നവീന ടൂറിസം ഉത്പന്നങ്ങള്‍ എന്നിവ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് മീറ്റിന്റെ ലക്ഷ്യം.

Update: 2023-11-16 05:35 GMT

കൊച്ചി: സംസ്ഥാനത്തെ ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്-2023 ഇന്ന് (നവംബര്‍ 16, വ്യാഴം) നടക്കും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

എല്ലാ സീസണിലും സന്ദര്‍ശിക്കാനാകുന്ന സ്ഥലമായി കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുകയും ഇവിടുത്തെ പ്രശസ്ത ടൂറിസം കേന്ദ്രങ്ങള്‍, നവീന ടൂറിസം ഉത്പന്നങ്ങള്‍ എന്നിവ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് മീറ്റിന്റെ ലക്ഷ്യം.

ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, റവന്യൂ മന്ത്രി കെ.രാജന്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി., ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, കെ.ടി.ഡി.സി എം.ഡി ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

'കേരളത്തിലെ ടൂറിസം നിക്ഷേപം; അവസരങ്ങളും കാഴ്ചപ്പാടുകളും' എന്ന വിഷയത്തില്‍ രാവിലെ 10 ന് നടക്കുന്ന ആദ്യ സെഷനില്‍ ടൂറിസം മന്ത്രി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ടൂറിസം മേഖലയിലെ സ്വകാര്യ സംരംഭങ്ങളെക്കുറിച്ചുള്ള പ്രൊജക്ട് പിച്ച് സെഷന്‍ നടക്കും. കെ.ടി.ഐ.എല്‍ എം.ഡി ഡോ. കെ മനോജ്കുമാര്‍ മോഡറേറ്റ് ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനുശേഷം 'കേരളത്തിലെ നിക്ഷേപ സാധ്യതകള്‍' എന്ന വിഷയത്തില്‍ പ്രൊജക്ട് അവതരണം നടക്കും. സ്റ്റാര്‍ട്ടപ്പുകളുടെയും യുവസംരംഭകരുടെയും നൂതന ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സെഷനുമുണ്ടാകും.

'ടൂറിസം നിക്ഷേപം; മുന്നോട്ടുള്ള വഴികള്‍' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ യുഎസ്എയിലെ ടൂറിസം ലെഷര്‍ സ്റ്റഡീസ് റിസര്‍ച്ച് നെറ്റ്വര്‍ക്ക് ചെയര്‍പേഴ്‌സണും യുനെസ്‌കോ പ്രതിനിധിയുമായ ഡോ. അമരേശ്വര്‍ ഗല്ല, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് കേരള ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ വിനോദ് സിറിയക് എന്നിവര്‍ പങ്കെടുക്കും. ബിടുബി സെഷനുകളും ഇന്‍വെസ്റ്റേഴ്‌സ് ഫെസിലിറ്റേഷന്‍ മീറ്റിംഗുകളും സമാന്തരമായി നടക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ടൂറിസം മന്ത്രി മുഖ്യാതിഥിയാകും.

Tags:    

Similar News