വെട്ടുകാട് പള്ളി ഹെറിറ്റേജ് ടൂറിസം പദ്ധതിയിലേക്ക്

  • വിവിധ മതവിഭാഗങ്ങളുടെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പില്‍ഗ്രിം ടൂറിസം പദ്ധതിയായ തത്വമസിയുടെ ഭാഗമായി 2021 ലാണ് വെട്ടുകാട് അമിനിറ്റി സെന്ററിന് തറക്കല്ലിട്ടത്.

Update: 2023-10-20 14:55 GMT

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തെ ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പില്‍ഗ്രിം ടൂറിസം പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ അമിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീര്‍ഥാടന ടൂറിസം മേഖലയില്‍ വലിയ പ്രാധാന്യമുള്ള പ്രദേശമായി ഭാവിയില്‍ വെട്ടുകാടിനെ മാറ്റാനാകുമെന്ന് മന്ത്രി പറഞ്ഞു. ശംഖുമുഖം, വേളി, വിമാനത്താവളം എന്നിവയുടെ സാമിപ്യം വെട്ടുകാടിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വിവിധ മതവിഭാഗങ്ങളുടെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പില്‍ഗ്രിം ടൂറിസം പദ്ധതിയായ തത്വമസിയുടെ ഭാഗമായി 2021 ലാണ് വെട്ടുകാട് അമിനിറ്റി സെന്ററിന് തറക്കല്ലിട്ടത്.

പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും തീര്‍ഥാടകര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് കോടി ചെലവിട്ട് മൂന്ന് നിലകളിലായി നിര്‍മ്മിച്ച അമിനിറ്റി സെന്ററില്‍ ഒമ്പത് മുറികളും 14 ടോയ് ലറ്റുകളുമാണുള്ളത്. ഇതിനുപുറമേ ഡോര്‍മിറ്ററി, യൂട്ടിലിറ്റി റൂം, ലോബി, വെയിറ്റിങ് ഏരിയ, കഫറ്റേരിയ, അടുക്കള, ഇലക്ട്രിക്കല്‍ റൂം എന്നീ സൗകര്യങ്ങളുമുണ്ട്.

വിവിധ പ്രദേശങ്ങളില്‍ നിന്ന് ദിവസവും നൂറുകണക്കിന് തീര്‍ഥാടകര്‍ എത്തുന്ന വെട്ടുകാട് പള്ളിയെ അന്തര്‍ദേശീയ പ്രാധാന്യമുള്ള ആത്മീയ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് അധ്യക്ഷനായിരുന്ന ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ക്ലൈനസ് റൊസാരിയോ, സെറാഫിന്‍ ഫ്രെഡി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവ് ജി.എല്‍, വെട്ടുകാട് ഇടവക വികാരി റവ. ഫാദര്‍ എഡിസണ്‍, ഇടവക കൗണ്‍സില്‍ അംഗം സേവ്യര്‍ പെരേര, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News