സ്ത്രീകള്‍ക്ക് തൊഴിലവസരം ഒരുക്കാന്‍ കേരള നോളജ് ഇക്കോണമി മിഷന്‍

  • ആദ്യഘട്ടത്തില്‍ 1000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്

Update: 2022-12-27 10:15 GMT

കാസര്‍ഗോഡ്: അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ച് കേരള നോളജ് ഇക്കോണമി മിഷന്‍. രണ്ടുമാസം കൊണ്ട് പരമാവധി തൊഴിലവസരങ്ങള്‍ നേടിക്കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ലഭിക്കാനോ ജോലി ചെയ്യാനോ സാഹചര്യമില്ലാത്ത വനിതകള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഈ ഡിസംബറില്‍ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചോട് കൂടി ഇത് അവസാനിക്കും. ആദ്യഘട്ടത്തില്‍ 1000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് കമ്മ്യൂണിറ്റി അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്ന സിഡിസി അംഗങ്ങളാണ്. കണ്‍വീനര്‍ കമ്മ്യുനിറ്റി അംബാസിഡറായിരിക്കും.

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തൊഴില്‍ ദാതാക്കളായ സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുമായി പദ്ധതിയെ ബന്ധപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോളജ് മിഷന്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാനേജ്‌മെന്റ് വര്‍ക്ക്‌ഫോഴ്‌സ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍, രജിസ്റ്റര്‍, ചെയ്തിട്ടില്ലാത്ത സ്ത്രീകള്‍, പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളിലെ സ്ത്രീകള്‍, മത്സ്യ ബന്ധന സമൂഹത്തിലെയും ഭിന്നശേഷി വിഭാഗത്തിലെയും സ്ത്രീകള്‍, ട്രാന്‍സ്‌ജെന്റേഴ്‌സ് എന്നിവര്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുക.

ഇതിനോടനുബന്ധിച്ച് ഫെബ്രുവരി 1, 2 തിയ്യതികളിലായി ജില്ലാതലത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. കൂടാതെ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭാ തലത്തില്‍ തൊഴില്‍ മേള നടത്തും. തൊഴില്‍ ഒഴിവുകളിലേക്ക് അപേക്ഷ അയക്കുന്നതിനും അഭിമുഖം, തൊഴില്‍ മേള എന്നിവയില്‍ പങ്കെടുക്കുന്നതിനും പരിശീലനം നല്‍കും.

Tags:    

Similar News