കൊക്കോ വില മുകളിലേക്ക്; കര്‍ഷകര്‍ ആഹ്ലാദത്തില്‍

  • കേരളത്തിന് ക്വിന്റലിന് 4400-4500 രൂപ പ്രകാരമാണ് വില്‍പന നടക്കുന്നത്
  • ആന്ധ്രാ പ്രദേശ് ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത്
  • ആഗോള തലത്തില്‍ കൊക്കോ സ്‌റ്റോക്ക് 35 ശതമാനം കുറഞ്ഞ നിലയിൽ

Update: 2023-06-07 07:12 GMT

വിളവെടുപ്പു സീസണില്‍ കൊക്കോ വില ആകര്‍ഷകമായ തലത്തിലേക്കു നീങ്ങിയത് കേരളത്തിലെ കൊക്കോ കര്‍ഷകര്‍ക്ക് ആശ്വാസം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊക്കോ ഉല്‍പാദനം ചുരുങ്ങിയതാണ് ആഗോള വിപണിയില്‍ കൊക്കോയ്ക്കു ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണം.

കേരളത്തിന് ക്വിന്റലിന് 4400-4500 രൂപ പ്രകാരമാണ് വില്‍പന നടക്കുന്നത്. ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ ഇറക്കുമതിയും കൂടിയിട്ടുണ്ട്. 2022 ഫെബ്രുവരി വരെ 2,342.18 കോടിയുടെ കൊക്കോയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണ് ഇറക്കുമതി ചെയ്തത്. 2021ല്‍ ഇത് 1815.41 കോടിയായിരുന്നു.

2021 സാമ്പത്തികവര്‍ഷം 1046.31 കോടി രൂപയുടെ കൊക്കോയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷമിത് 1108.38 കോടിയായിരുന്നു.

40 ശതമാനവും ഇടുക്കിയില്‍

ഇന്ത്യയിലെ പ്രധാന കൊക്കോ ഉല്‍പാദക സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവയാണ് മറ്റുള്ളവ. ഒന്നാം സ്ഥാനത്തുള്ള ആന്ധ്ര 10,904 ടണ്‍ കൊക്കോ ഉല്‍പാദിപ്പിക്കുമ്പോള്‍ 9,648 ടണ്ണുമായി കേരളം തൊട്ടു പിന്നാലെയുണ്ട്.

കേരളത്തില്‍ ഇടുക്കിയാണ് കൊക്കോ ഉല്‍പാദനത്തില്‍ മുന്നില്‍. സംസ്ഥാനത്തെ കൊക്കോ ഉല്‍പാദനത്തില്‍ 40 ശതമാനവും ഇടുക്കിയിലാണ്. വയനാട്, കണ്ണൂര്‍ സംസ്ഥാനങ്ങളിലും കൊക്കോ കൃഷിയുണ്ട്.

രാജ്യത്ത് ആകെ ഉല്‍പാദിപ്പിച്ച 27072.15 ടണ്‍ കൊക്കോയില്‍ 9647.4 ടണ്‍ ആണ് കേരളത്തില്‍ ഉല്‍പാദിപ്പിച്ചത്. 17,366 ഹെക്ടറിലാണ് സംസ്ഥാനത്ത് കൊക്കോ കൃഷി നടക്കുന്നത്. റബറില്‍ തിരിച്ചടിയേറ്റ കര്‍ഷകരാണ് കൊക്കോയില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയവരില്‍ കുടുതലും.

ഇറക്കുമതി കൂടുതല്‍

ഡയരക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആന്‍ഡ് കൊക്കോ ഡവലപ്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020-21ല്‍ ഇന്ത്യയില്‍ നിന്ന് 25,768 മെട്രിക് ടണ്‍ കൊക്കോ കയറ്റിയയച്ചപ്പോള്‍ 89,060 ടണ്‍ ഇറക്കുമതി ചെയ്തു. 1108.38 കോടി രൂപയുടെ കയറ്റുമതി നടന്നപ്പോള്‍ 2020.98 കോടിയുടെ ഇറക്കുമതിയാണ് നടന്നത്.

ചോക്കളേറ്റ് കമ്പനികള്‍ ഉല്‍പാദനം വര്‍ധിപ്പിച്ചതോടെ പ്രതിവര്‍ഷം 70,000 ടണ്‍ കൊക്കോയാണ് രാജ്യത്ത് ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഇന്ത്യയിലെ കൊക്കോ ഉല്‍പാദനം 28,000 ടണ്‍ മാത്രമാണ്. നിരവധി ചോക്കളേറ്റ് കമ്പനികള്‍ കൊക്കോ നേരിട്ട് കര്‍ഷകരില്‍ നിന്ന് വാങ്ങുന്നുമുണ്ട്.

ചോക്കളേറ്റ്  പണിയും ആഫ്രിക്കയും 

മുഖ്യ കൊക്കോ ഉല്‍പാദക രാജ്യമായ ഐവറി കോസ്റ്റില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര ചോക്കളേറ്റ് വിപണിയില്‍ ആശങ്ക ഉയര്‍ത്തി. ആഗോള തലത്തില്‍ കൊക്കോ സ്‌റ്റോക്ക് 35 ശതമാനം കുറഞ്ഞതായി അന്താരാഷ്ട്ര കൊക്കോ ഓര്‍ഗനൈസേഷന്‍ വിലയിരുത്തുന്നു. വള ലഭ്യത കുറഞ്ഞതും കീടബാധയുമാണ് ആഫ്രിക്കയില്‍ കൃഷിക്ക് വെല്ലുവിളിയായത്. ഉക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചതോടെ റഷ്യയില്‍ നിന്നുള്ള പൊട്ടാഷ് ഉള്‍പ്പെടെയുള്ള രാസവളങ്ങളുടെ ലഭ്യത ക്രമാതീതമായി ചുരുങ്ങി.

കീടനാശിനികളുടെ അഭാവം തോട്ടങ്ങളില്‍ വ്യാപകമായ തോതില്‍ വൈറസ് ബാധക്കിടയാക്കി. ആഗോള തലത്തില്‍ സ്‌റ്റോക്ക് 1.653 മില്ല്യണ്‍ മെട്രിക് ടണ്ണിലേക്ക് ഇടിഞ്ഞതായാണ് അന്താരാഷ്ട്ര കൊക്കോ ഓര്‍ഗനൈസേഷന്‍ പറയുന്നത്. ഒക്ടോബര്‍-ജനുവരി കാലയളവില്‍ ഐവറി കോസ്റ്റില്‍ നിന്നുള്ള കൊക്കോ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞതായാണ് ഐ.സി.സി.ഒ വിലയിരുത്തുന്നത്.

നൈജീരിയ ഉണര്‍ന്നു

പുതിയ സീസണിലെ വിളവ് നീക്കം ആരംഭിച്ചതോടെ യു.എസ് തുറമുഖങ്ങളിലെ വെയര്‍ഹൗസുകളില്‍ സ്‌റ്റോക്ക് 3 മാസത്തിനിടയിലെ മികച്ച തലത്തിലേക്ക് കടന്നിട്ടുണ്ട്. ആഗോള കൊക്കോ ഉല്‍പാദനത്തില്‍ അഞ്ചാംസ്ഥാനത്ത് നില്‍ക്കുന്ന നൈജീരിയയില്‍ ഉല്‍പാദനം ഉയര്‍ന്നു നില്‍ക്കുകയാണ്. ഇത് അവിടെ നിന്നുള്ള കയറ്റുമതി വര്‍ധിക്കാന്‍ സഹായിക്കും. 2023ല്‍ കൊക്കോ വില ടണ്ണിന് 2500 ഡോളറില്‍ എത്തുമെന്നാണ് നേരത്തെ ലോകബാങ്ക് പ്രവചിച്ചിരുന്നത്. ന്യൂയോര്‍ക്ക് അവധി വ്യാപാരത്തില്‍ കൊക്കോവില 2900 ഡോളറിന് മുകളില്‍ എത്തിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്കന്‍ വിപണികളെ ഗ്രസിച്ചു നില്‍ക്കുന്ന മാന്ദ്യം ചോക്കലേറ്റ് വിപണന രംഗത്ത് ശക്തമായ സമ്മര്‍ദം ഉയര്‍ത്തും.

Tags:    

Similar News